Sunday, December 30, 2012

യാത്രാമൊഴി



"" ഈ ഡയറിയില്‍ ഒരിക്കലും മറക്കരുതെന്ന് ഒരുപാട് സുഹൃത്തുക്കള്‍ എഴുതിയിട്ടുണ്ട്...
അവരെയെല്ലാം താന്‍ എന്നെന്നും ഓര്‍ക്കണം.
നമ്മള്‍ കണ്ടതും പരിചയപ്പെട്ടതും എല്ലാം... എല്ലാം... 
മറവിയുടെ ആഴങ്ങളില്‍ സ്വപ്നക്കൂട് തേടി സഞ്ചരിക്കട്ടെ...
ഒരു യാത്രാമൊഴിക്കായി  ഇതിലും നല്ല വാക്കുകള്‍ എനിക്കറിയില്ല...""

             ഒരു ഡയറിതാളിനു ഇത്രയും നൊമ്പരം നല്‍കാന്‍ കഴിയുമെന്നു അറിയില്ലായിരുന്നു. (ഇങ്ങനെയൊക്കെയല്ലേ പഠിക്കുന്നെ?.). മറക്കുവാന്‍ പറയുന്നത് ഒരിക്കലും ഓര്‍മകളില്‍ നിന്ന് മായില്ല. ഒരു വര്‍ഷത്തിന്റെ മുഴുവന്‍ സന്തോഷവും ദുഖവും വിരഹവും ആരോടും പറയുവാനാവാതെ 2012 പിരിഞ്ഞു പോകുന്നു. വിട ചൊല്ലാന്‍ എനിക്കും ഇതിലും നല്ല വാക്കുകള്‍ അറിയില്ല.
            
          ഒരു വര്‍ഷത്തെ മുഴുവന്‍ വിസ്മ്രിതിയിലാക്കാന്‍ കഴിവുള്ള ഡിസംബര്‍ മാസത്തിലെ കോടമഞ്ഞിന്റെ കുളിരില്‍... പുതിയ പുലരിയിലെ പുതു വസന്തില്‍ വിരിയുന്ന ശുഭ പ്രതീക്ഷകളില്‍ നല്ലൊരു നാളേയ്ക്കായി.. മറക്കാന്‍ പറഞ്ഞിട്ടും മറയാതെ നില്‍ക്കുന്ന പ്രിയ സുഹൃത്തിനൊപ്പം എല്ലാ കൂട്ടുകാര്‍ക്കും   ഒരു പൊളപ്പന്‍.....  
                         പുതുവര്‍ഷാശംസകള്‍...........

Wednesday, October 24, 2012

ഹണിമൂൺ (A)


                   നേര്‍ത്ത  മഞ്ഞിന്റെ പശ്ചാത്തലത്തില്‍ ഹരിതവര്‍ണ്ണത്തില്‍ ചാലിച്ച മനോഹര ചിത്രം പോലെ ചുറ്റിനും മരങ്ങള്‍ നിറഞ്ഞ കാട്. അതിനു നടുവിലൂടെ ചിത്രകാരന്‍ അറിയാതെ വീണ അടയാളം  പോലെ വളഞ്ഞു പുളഞ്ഞു പോകുന്ന റോഡു. നിനയ്ക്കാതെ വന്നു പെയ്ത ചാററല്‍മഴയ്ക്കൊപ്പം തണുപ്പും വഹിച്ചുകൊണ്ട്,  കാടിന്റെ മനോഹാരിത  റോഡിനൊരു വശത്തുള്ള കൊക്കയിലേക്ക് ഒഴുകിയിറങ്ങുന്നു.  
                   കൊടും വളവുകളെ പിന്നിലാകി അവന്റെ ടാറ്റാ സഫാരി പതിയെ കടന്നു പോയി. "എത്രയോ ജന്മമായി നിന്നെ ഞാന്‍ തേടുന്നു"  എവിടെ നിന്നോ ഒഴുകി വരുന്ന പോലെ പതിഞ്ഞ സ്വരത്തില്‍ കേട്ടുകൊണ്ടിരുന്നു.അവള്‍ പിന്നിലേക്ക്‌ ചാരികിടന്നു, പാട്ടിനൊപ്പം മുന്നിലെ ഗ്ലാസില്‍ ചാറ്റല്‍ മഴ തീര്‍ക്കുന്ന കുസൃതികളെ ആസ്വദികുന്നുണ്ടായിരുന്നു.മുടിയിഴകളെ  തലോടുമ്പോള്‍ അവള്‍ അവനിലേക്ക്‌ ഒതുങ്ങി. 
                  "ഈ മഞ്ഞും എന്‍ മിഴിയിലെ മൌനവും 
                  എന്‍ മാറില്‍ നിറയുമീ മോഹവും,
                  നിത്യമാം സ്നേഹമായി തന്നു ഞാന്‍........
                  എത്രയോ ജന്മമായി നിന്നെ ഞാന്‍........"

                  അവള്‍ ഒരു കള്ള  ചിരിയോടെ പാടിക്കൊണ്ട് അവനെ നോക്കി. അവനും ചിരിച്ചു...
പുറത്തെ തണുപ്പില്‍ നിന്നും ഒളിക്കനെന്നവണ്ണം അവളുടെ കവിളുകള്‍ അവന്റെ തോളിലെ ചൂടിനെ തേടി...
                  
                   ചാറ്റല്‍ മഴയും മഞ്ഞും കാരണം റോഡ്‌ ശരിക്ക്  കാണാന്‍  കഴിയുന്നുണ്ടായിരുന്നില്ല. അവന്‍ പിന്നെയും വേഗത കുറച്ചു .. അടുത്ത വളവിലെത്തിയപ്പോള്‍ അപ്രതീക്ഷിതമായി ഒരു ലോറി പാഞ്ഞു വന്നു.. അവന്‍ പെട്ടെന്ന് വണ്ടി വെട്ടിതിരിച്ചു... നിഗൂഡമായ കൊക്കയിലേക്ക്  അവനും അവളും...
                  
                 ഒരു നിലവിളി അവിടെ മുഴങ്ങിക്കേട്ടു...

...."അമ്മേ  ഞാനും അവളും കൊക്കേല്‍ വീണേ...  കൊക്കേല്‍ വീണേ"......

..അവന്‍ പതിയെ കണ്ണ് തുറന്നു. നടുവും തടവി എഴുന്നേറ്റു...

അമ്മ ഓടി  വന്നു ചോദിച്ചു  ..

""എന്താ മോനെ ഒരു ചക്ക വീണ ശബ്ദം.""

""ചക്ക അല്ല അമ്മേ ഒരു പോത്ത് കട്ടിലില്‍ നിന്ന് വീണതാ""

..അനിയത്തിയുടെ ശബ്ദം ചിരിക്കൊപം അന്തരീക്ഷത്തില്‍ പിന്നേം മുഴങ്ങിക്കേട്ടു..

അപ്പോഴും ഒരു സംശയം ആക്ച്വലി എന്താ സംഭവിച്ചേ....

Sunday, August 5, 2012

എന്നാലും എന്റെ കൂട്ടുകാരാ...



""ഒരു കാണാനൂലിൽ ദൈവം കൊർത്തു നമ്മേ.. എന്നും ഒന്നായി ഒന്നായി ചേർന്നിരിക്കാൻ,
ദൂരെ ആകാശത്തണലിൽ തനിച്ചിരിക്കാൻ.
ദുഃഖങ്ങളിൽ കൂടെ നിൽക്കാൻ,
സ്വർഗങ്ങളെ സ്വന്തമാക്കാൻ...
ഓ.... മൈ ഫ്രണ്ട്‌... 
നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്റെ മുഖം..
ഓ.... മൈ ഫ്രണ്ട്‌...
നിൻ വാക്കൂകളിൽ ഞാൻ കേൾക്കുന്നെന്റെ സ്വരം...""
              ഫ്രണ്ട്സിനിട്ടു പണി കൊടുക്കാനായിട്ട്‌ ഒരു സൗഹൃദ ദിനം കൂടി. ഒരു വ്യത്യസ്തത്തയ്‌ വേണ്ടി, എട്ടിന്റെ പണി തന്ന പ്രിയ കൂട്ടുകാരെ, നിങ്ങളെ ഞാൻ ഈ സൗഹൃദ ദിനത്തിൽ ഓർത്തു പോകുന്നു. അല്ലേലും വരാനുള്ളതു കൂട്ടുകാരുടെ രൂപത്തിലും വരുമെന്നേ.. അയ്യോ, അപ്പോൾ  ചോദിക്കും എങ്ങനെ നിനക്കിങ്ങനെ കൂട്ടുകാരു ഉണ്ടായി, മാന്യമായ സംശയം... അതു അവരോടു ചോദിക്കണം.. മനസിലായില്ലേ, ഞാൻ മുകളിൽ വിവരിച്ചതൊക്കെ അവരുടെ ആത്മഗതം (ആത്മഗതാഗതം)ആണു, എന്റെയല്ല. ഇപ്പോളും മനസ്സിലായില്ലേ. 'ആഹ്‌, കൊച്ചുപിള്ളേർ അത്രയൊക്കെ മനസ്സിലാക്കിയൽ മതി.'
               ഇനി എന്റെ കുറച്ചു ആത്മഗതാഗതം പറയാം. പാലും വെള്ളതിൽ പണി കിട്ടിയിട്ടും, എനിക്കു ഒരു ചുക്കും സംഭവിക്കാത്തതിന്റെ ഉത്തരവാദിത്വം മുഴുവൻ ഉള്ള എന്റെ പ്രിയകൂട്ടുകാരൻസ്‌,  (എന്താടാ... നോക്കി പേടിപ്പിക്കുന്നേ.) ഞാനെഴുതുന്ന ഓരോ വാചകങ്ങളും നിങ്ങൾക്കുള്ള മടലുകൾ ആകുന്നു. (ഈ ഡയലോഗു എവിടെയോ കേട്ടിട്ടുണ്ടെന്നു നിങ്ങൾക്കു വെറുതേ തോന്നുന്നതാണെന്നെ, ഞാൻ ?നരസിംഹം? കണ്ടിട്ടേ ഇല്ല, സത്യം.).
              പ്രൈവറ്റ്‌ ബസ്റ്റാന്റിനെ തഴുകി വരുന്ന മന്ദമാരുതനിൽ ( അതെന്തു സാധനം, മാരുതി കാറിന്റെ ആരെങ്കിലുമാണോ,,ആ..) പാറിപ്പറക്കുന്ന മുടിയിഴകളും, അതിനിടയിലൂടെ കാണുന്ന സുന്ദരമുഖവും നോക്കി എന്റെ പ്രണയും സ്വപ്നച്ചിറകിൽ സഞ്ചരിച്ചപ്പോൾ.. എന്റെ സ്വന്തം കൈ വിശ്രമിച്ചതു നിന്റെ തോളിലല്ലാരുന്നോ അളിയാ. ഒരു പൊടിക്കു ധൈര്യക്കുറവുണ്ടായിരുന്ന എനിക്കു ആവശ്യമില്ലാത്ത ധൈര്യം തന്നതും, ആ ധൈര്യത്തിന്റെ പുറത്തും, ഞാൻ കൂടെയുണ്ടളിയാ എന്ന നിന്റെ ഒരു കാര്യവും ഇല്ലാത്ത സപ്പോർട്ടിന്റെ പുറത്തും... ( ഓടി വരുന്ന ട്രെയിനിനു മുന്നിൽ നെഞ്ചു വിരിച്ചു നിൽക്കുന്നതു പോലെ ) ഞാൻ വേണ്ടാത്ത ആവേശം കാണിച്ചു, മൊബയ്‌ല്‌ നംബർ എഴുതിയ പേപ്പറുമായി ബസ്സിലിരുന്ന  അവളുടെ അരികിൽ പോയതും, തൊട്ടടുത്ത സീറ്റിലേക്കു വിറച്ചു കൊണ്ടു ആ പേപ്പർ ഇട്ടതും, ബ്ലാങ്ക്‌ ആയ എന്റെ സ്വന്തം കൈ ഫില്ല്‌ ചെയ്യാൻ അളിയന്റെ തോളു പോയിട്ടൂ പൊടി പൊലും ഇല്ലന്ന നഗ്ന സത്യം മനസിലാക്കിയതും...
                  സർവ്വശക്തിയെടുത്തു  ബസ്സിനു പുറത്തേകു ഞാൻ പാഞ്ഞപ്പോൾ, എന്നേക്കാൾ സ്പീഡിൽ ആ പേപ്പർ പുറത്തേക്കു പറന്നു വന്നതും, അളിയൻ അങ്ങു ദൂരെ നിന്നു കാറ്റു കൊള്ളുന്നതും ഒറ്റ സീനിൽ ഞാൻ കണ്ടളിയാ,...
                   ബസ്സ്റ്റാന്റിലൊക്കെ ഏ സി ഇല്ലാതതുകൊണ്ടായിരിക്കും, അല്ലേ അളിയാ. അതൊക്കെ പോട്ടെയെന്നു വയ്ക്കാം. 
                    പക്ഷെ നിന്റെ അടുത്തു വന്നപ്പോൾ ""നിന്നെ സമ്മതിച്ചിരിക്കുന്നു"" എന്നു നീയെന്നോടു പറഞ്ഞ  ഡയലോഗ്‌ ആണളിയാ എന്റെ കണ്ണുകൾ നിറച്ചതു. ഞാൻ അറിയാതെ എന്റെ ഫുള്ള്‌ ബോഡിയും ആ ചുരുണ്ട പേപ്പറും അവളുടെ മുഖവും ഒരു ദയനീയ ഭാവം വാരി വിതറി നോക്കിപ്പോയി..
                     എന്നാലും അളിയാ ഒരു സംശയം. ഞാൻ ബസ്സിൽ കയറുന്നതു വരെ നീയെന്നോടൊപ്പം ഉണ്ടായിരുന്നു, പിന്നെതു സീനിലാ അളിയാ നീ കാറ്റു കൊള്ളാൻ പോയതു..
                        ഈ ചോദ്യത്തിനു ഉത്തരം കിട്ടിയില്ലെങ്കിലും, അളിയന്റെ സഹായം കൊണ്ടു ഞാൻ അംഗഭംഗം, ദുർമരണം, മാനഹാനി എന്നിവയിൽ നിന്നും അദ്ഭുദകരമാം വിധം രക്ഷപെട്ടെങ്കിലും.
                         അളിയനെ ഞാൻ ഓർക്കുമ്പൊഴെല്ലാം. വന്ദനത്തിൽ മോഹൻലാൽ മുകേഷിനെ കാണുന്ന സീൻ ഓർമ വരും.
            'ഡെയ്‌ നീ പോലീസാ,' 
            'എന്തു നീ പോലീസാ...'
അല്ലെങ്കിൽ കിലുക്കത്തിലെ ലാലേട്ടനെയും ജഗതിയെയും...
കാരണം ചോദിക്കെടാ...
അതെന്താന്നു വച്ചാൽ..
""നൻബേൻ ടാ..."'

(ഇതിലെ കഥയും കഥാപാത്രങ്ങളും യാഥാർത്ത്യമായി തോന്നിയാൽ എന്നെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല, ഓരൊന്നു കാണിച്ചു കൂട്ടുമ്പോൾ ഓർക്കണമായിരുന്നു. കഥ ഇവിടൊന്നും തീരുന്നില്ല... ഇനിയും പണികൾ പ്രതീക്ഷിക്കുനു...)

""എന്റെ എല്ലാ കൂട്ടുകാർസിനും....
ഒരു പൊളപ്പൻ സൗഹൃദദിനാശംസ്സകൾ...''

Saturday, July 21, 2012

മഴമുത്തുകള്‍......


ജനല്‍ കമ്പികള്‍ക്കിടയിലൂടെ ചുവന്ന വളകളണിഞ്ഞ അവളുടെ കൈകള്‍ മഴത്തുള്ളികളില്‍ വീണ മീട്ടി.

ഫെബ്രുവരി 14.
 നനുത്ത  ഒരു മഴയിലാണ് അന്നാദ്യമായ് കാണുന്നത്. കോളേജിന്റെ മഴവഴിയില്‍  എവിടെ നിന്നോ എന്റെ കുടയിലെക്കോടി വന്നപ്പോള്‍, മഴയെ പുണരാന്‍ കൊതിക്കുംപോലെ ആ വിറച്ച ശരീരം പുണരാനാണ് തോന്നിയത്. അന്ന് കുളിരിന്റെ മഴപ്പാച്ചിലുകള്‍ നിശ്വസങ്ങളുടെ ചെറു ചൂടില്‍ ലയിച്ചു. ഒന്നും മിണ്ടുവാനാവാതെ പരസ്പരം നോക്കി കുടയില്‍ ചേര്‍ന്ന് നടക്കാനേ കഴിഞ്ഞുള്ളൂ. എവിടെയോ ഒരു മാസ്മരിക പരിചിത ഭാവം അറിയുന്നുണ്ടായിരുന്നു. പെട്ടെന്നു പിണങ്ങിപ്പോകുന്ന മഴയെപോലെ എവിടേക്കോ മറഞ്ഞപ്പോള്‍ മഴയോടും ദേഷ്യമാണ് തോന്നിയത്.. ഇടനാഴിയിലൊക്കെ  തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം.


അവളുടെ മടിയില്‍ കിടന്നു  അവന്‍ ആ ഡയറി വായിച്ചു നിര്‍ത്തിയപ്പോള്‍  അവള്‍ മഴത്തുള്ളികള്‍ കള്ളച്ചിരിയോടെ  അവന്റെ മുഖത്തേക്ക് തെറിപ്പിച്ചു.

അന്ന് നീയെന്റെ കുടയില്‍നിന്നു പോയപ്പോള്‍... ഒരു നിമിഷം തോര്‍ന്ന മഴയെ ഞാനും വെറുത്തു... കൂട്ടുകാരുടെ ഇടയില്‍ നിന്ന് രക്ഷപെട്ടു ഞാന്‍ നിന്നെ അവിടെല്ലാം തിരക്കി നടന്നു. പിന്നീടെല്ലാ ദിവസവും നിന്റെ ആശ്ചര്യ മുഖം തേടിയലഞ്ഞു. മഴ എന്നെ പുണരുന്ന ഒരു പുലരിയിലാണ് നീ പിന്നെയും എന്റെ മിഴികളില്‍ പൂവിതരിയത്.ഇപ്പോല്ഴും എല്ലാം സ്വപനം പോലെ തോന്നുന്നു. 

അവന്‍ പറഞ്ഞു കൊണ്ട് അവളുടെ കവിളുകളില്‍ തലോടി..
   
തൂവനതുംബിയെ പ്രണയിച്ച ക്ലാരയെപ്പോലെ, മാന്മിഴി   കണ്ണുകളുള്ള സുന്ദരീയെ എനിക്ക് സമ്മാനിച്ച മഴയെ ഞാനും പ്രണയിക്കുന്നു....മഴയെ ആഘോഷിച്ച ജയകൃഷ്ണനെപ്പോലെ...
   
മഴത്തുള്ളികള്‍ പൊഴിയുന്ന ഒരു പുഞ്ചിരിയില്‍, അവളുടെ ചുണ്ടുകള്‍ അവന്റെ കവിളിലെ കുളിരിനെ തൊട്ടെടുത്തു. പിന്നീടവള്‍ ഒരു  പൂച്ചകുഞ്ഞിനെപ്പോലെ  അവന്റെ ചൂടിലേക്ക്  ലയിച്ചു...

പുറത്തു അപ്പോഴും മഴ ചെറു  നാണത്തിന്റെ മഴമുത്തുകള്‍ പൊഴിച്ചു കൊണ്ടിരുന്നു...

Saturday, June 30, 2012

ചുവന്ന പാലപ്പൂക്കള്‍


മനയ്ക്കല്‍ നിന്നും അധികം ദൂരമില്ല കുളത്തിലേക്ക്‌ ,ചുറ്റിനും മതില്‍ കെട്ടിയിട്ടുണ്ട് . പടവുകള്‍ക്കു മുകളിലായി ഓടു മേഞ്ഞു മറച്ചിട്ടുണ്ട്. അതിനു എതിര്‍ വശത്തായി നിറയെ പൂക്കളുള്ള ഒരു വലിയ പാലയുണ്ട് . പാലപ്പൂക്കള്‍ പരിമളം പരത്തി കുളത്തിലൂടെ തെന്നി ഒഴുകി.
പതിവ് പോലെ അന്നും പാറു തുണി നനയ്ക്കാനും കുളിയ്ക്കാനുമായ് കുളത്തിലേക്ക്‌ പോയി. അവള്‍ തുണിയെല്ലാം നനയ്ച്ചു  തൂണിനരികിലായുള്ള   വലിയ കല്ലിന്റെ പുറത്തു വയ്ച്ചു. നിറഞ്ഞു   നിന്ന ആ യൗവന സൗന്ദര്യം വെന്‍  കുളിര്‍മയിലെക്കിറങ്ങി   നീരാട്ടു തുടങ്ങി..
നേര്‍ത്ത ഓങ്ങളോട്  കിന്നാരം പറഞ്ഞു മതിയായില്ലെങ്കിലും, നേരമേരെയായതിനാല്‍  അവള്‍ കുളി മതിയാക്കി കയറി. തുണിയെല്ലാം എടുത്തു തിരിഞ്ഞപ്പോള്‍ വശത്തിരുന്ന കല്ല്‌ ഇളകുന്നതും അവളുടെ നില തെറ്റുന്നതും അവളറിഞ്ഞു. പെട്ടെന്ന് അടുത്തുള്ള തൂണില്‍  പിടിയ്ക്കുവാനായി മുന്നോട്ടാഞ്ഞു.  അപ്പോഴേക്കും കാല്‍ വഴുതി, അവളുടെ മിനുസമാര്‍ന്ന നെറ്റിത്തടം അലക്ക് കല്ലിന്റെ കൂര്‍ത്ത  അരികിലായി ആഞ്ഞു പതിച്ചു.രക്തം ചീറ്റിതെരിച്ചു, ഒരു നിലവിളിയോടെ  അവളൊന്നു പിടഞ്ഞു. പിന്നെ നിശ്ചലമായി  വെള്ളത്തിലേക്ക്‌ മലച്ചു.
മനയ്ക്കലുള്ളവര്‍ നിലവിളി കേട്ട് ഓടിയെത്തിയപ്പോഴേക്കും, അവള്‍ മരണത്തിന്റെ നിലയില്ലാ കയതിലെത്തിയിരുന്നു. കടും പച്ചനിറത്തില്‍ തത്തിക്കളിച്ച കുഞ്ഞോളങ്ങള്‍, അസ്തമയ സൂര്യന്റെ കടും ചുവപ്പിനോപ്പം  പടര്‍ന്ന രക്ത വര്‍ണത്തില്‍ നിശ്ചലമായി. പടര്‍ന്ന സിന്ദൂരം പോലെ ഒരു വലിയ മുറിവുമായി വെള്ളത്തില്‍ അവള്‍ മലര്‍ന്നു കിടന്നു. എല്ലാവരും സേനഹത്തോടെ പാറു എന്ന് വിളിക്കുന്ന  മനയ്ക്കലെ വേലക്കാരി പാര്‍വതി . ചുറ്റിനും രക്ത ഗന്ധവുമായി പാലപ്പൂക്കളും..
100 വര്‍ഷത്തോളം പഴക്കമുള്ള കഥയാണ്‌ . ഇന്നും അവളുടെ മോക്ഷം കിട്ടാത്ത ആത്മാവ് ഇവിടെ അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ടെന്നാണ്  കേള്‍ക്കുന്നത്.എന്റെ മുത്തശ്ശിയുടെ കാലത്തായിരുന്നു ഈ ദുര്‍മരണം സംഭവിച്ചത്. ആ കുളപ്പടവുകളിലിരുന്നു ആദിത്യ  പറഞ്ഞ കഥ കേട്ടപ്പോള്‍ ഉള്ളിലൊരു ഭയം തോന്നിയെങ്കിലും, ആരും പുറത്ത് കാണിച്ചില്ല. അശ്വിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്  രഞ്ജിത്തും ഷിയാസും  വെകെഷേനു  ആദിത്യന്റെ തറവാട്ടിലെതിയത്. ഇപ്പോള്‍ ആരും അവിടെ താമസമില്ല, ഒരു കാര്യസ്ഥന്‍ ഉണ്ടെങ്കിലും അവിടെ കിടക്കാറില്ല.
അച്ഛന്‍ പെട്ടെന്ന് എത്താന്‍ അറിയിച്ചതിനെതുടര്‍ന്നു ആദിത്യ  വേഗം വരാമെന്ന് പറഞ്ഞു  സന്ധ്യയോടെ   അവന്റെ വീട്ടിലേക്കു പോയി.ആ വലിയ തറവാട്ടില്‍ മൂന്നുപേര്‍ മാത്രമായി. അശ്വിന് ആ രാത്രി വളരെ ത്രില്ലിംഗ്  ആയി തോന്നി. ബാക്കി രണ്ടു പേരുടെയും ഭയന്ന മുഖഭാവം കണ്ടിട്ട് അവനു ചിരി വന്നു. അവര്‍ അവനോടു ഇങ്ങനെയോരിടത് കൊണ്ട് വന്നതിനു ദേഷ്യം പ്രകടിപ്പിച്ചു . മൂന്നുപേരും ഒരു മുറിയില്‍ കിടന്നു, പതിയെ നിദ്രയുടെ ഇരുണ്ട വീഥിയിലെക്കഴ്ന്നിറങ്ങി.
എന്തോ ശബ്ദം കേട്ട്  അശ്വിന്‍ ഞെട്ടിയുണര്‍ന്നു.  രഞ്ജിത്തും ഷിയാസും അവിടെയില്ലായിരുന്നു. അവന്‍ അതിനുള്ളിലെല്ലാം അവരെ നോക്കി, അവിടെയെങ്ങുമില്ലായിരുന്നു.പതിയെ അവന്‍ പുറത്തേയ്ക്കിറങ്ങി. അവനു ധൈര്യം  ചോര്‍ന്നു പോകുന്നത് പോലെ തോന്നി. അപ്പോള്‍ കുളത്തില്‍ നിന്നും ശബ്ദം കേട്ട്, അവന്‍ ഭയത്തോടെ  അവിടേക്ക്  നടന്നു. പടവിലേക്ക് കാല്‍ വയ്ച്ചു പെട്ടെന്ന് ,എവിടെ നിന്നോ വലിയ  ശബ്ദത്തോടെ ഒരു കല്ല്‌ കുളത്തിലേക്ക്‌ പതിച്ചു. 
അശ്വിന്‍ ഞെട്ടി നിലവിളിച്ചു.
പാറുവിന്റെ രക്തം വീണ കല്ല്‌ ആണ് കുളത്തിലേക്ക്‌ പതിച്ചതെന്ന് അവന്‍ കണ്ടു.
പുറത്തേയ്ക്ക് ഓടാന്‍  തുടങ്ങിയതും പിന്നില്‍ നിന്ന്   ആരോ അവനെ പിടിച്ചു വലിച്ചു. മരവിച്ചു നിന്ന അവന്‍ തിരിഞ്ഞു നോക്കിയതും , ചിരിക്കണോ കരയണോ എന്ന്  അറിയാത്ത അവസ്ഥയിലായിപ്പോയി.
ചിരിച്ചു കൊണ്ട് രഞ്ജിത്തും ഷിനാസും  നില്ല്ക്കുന്നു. പേടിക്കണ്ട, പ്രേതത്തെ പേടിയില്ലാത്ത ധൈര്യവാന്റെ  ചന്കൊരപ്പു ഒന്ന് അളന്നു നോക്കിയതാ. ക്ഷമിക്കൂ മകനെ. രഞ്ജിത് പറഞ്ഞത് കേട്ട് അവന്‍ കൈ തട്ടി മാറി നടന്നെങ്കിലും, പൊട്ടിചിരിക്കാതിരിക്കുവാന്‍  കഴിഞ്ഞില്ല. അപ്പോഴും ചമ്മിയ മുഖത്ത് നിന്നും അദ്ഭുതം വിട്ടു മാറിയില്ല.
മൂന്നുപേരും ചിരിച്ചു കൊണ്ട് കുളത്തിനടുത്ത് നിന്ന് പുറത്തേക്കു നടന്നു. അപ്പോള്‍ വീണ്ടും കുളത്തില്‍ വെള്ളം ഉലയുന്ന ശബ്ദം കേട്ടു. ഇത്തവണ   മൂന്നുപേരും  ഒരുമിച്ചു ഞെട്ടി, അവര്‍ അവിടെയ്ക്ക് പതിയെ നടന്നു. ഷിനാസ് ചൂണ്ടിയ  ഭാഗത്തേയ്ക്ക് നോക്കിയ അവര്‍ മൂന്നുപേരും ഭയന്ന് പിന്നോട്ടോടി.
അശ്വിനെ  പേടിപ്പിയ്ക്കാനായി അവര്‍ കുളത്തിലെക്കെരിഞ്ഞ  കല്ല്‌ പഴയ സ്ഥാനത്തിരിക്കുന്നു. പാര്‍വതിയുടെ മരണത്തിനിടയാക്കിയ അതെ കല്ല്‌, അവളുടെ രക്തം പതിഞ്ഞ ആ അലക്കു കല്ല്‌.
കുളത്തിലെ കുഞ്ഞോളങ്ങളില്‍ ശാന്തത കളിയാടി, അതിനെ തലോടി തൂവെള്ള നിറത്തില്‍ പാലപ്പൂക്കളും.പെട്ടെന്ന്  കുളത്തിലെ പാലപ്പൂക്കളില്‍  ചുവപ്പ് പടര്‍ന്നു....
കാറ്റിലെവിടെയോ  പാലപ്പൂമണം   ഒഴുകി വന്നു, രക്ത ഗന്ധവുമായി....

Wednesday, June 6, 2012

എനിക്കെന്റെ ബാല്യം തിരികെതരൂ..


          ബാല്യകാലത്തിലെക്കൊരു തിരിച്ചു പോക്ക് കൊതികാത്തവരുണ്ടാകുമോ.?
പുത്തന്‍ കുടയുടെ അരികുകളെ ഭേദിച്ച്  കൊഞ്ചലായി നനയിക്കുന്ന മഴയും, അവസാനം കാറ്റിന്റെ വികൃതിയില്‍ കുട ദൂരേക്ക്‌ പറക്കുമ്പോള്‍ , നനയാതെ പുസ്തകം മാറോടടക്കിപിടിച്ചു  അതിനു പിറകെ ഓടിയതും.പാടവരമ്പിലൂടെ വെള്ളം തട്ടിത്തെറിപ്പിച്ചു സ്കൂളിലെക്കുള്ള യാത്രയും, വൈകുന്നേരം തോട്  വരമ്പില്‍ നിന്ന് , കൂടെയുള്ള സുന്ദരികളുടെ അത്ഭുദം  പിടിച്ചു വാങ്ങാന്‍, സ്വന്തം ഉടുപിനെ വലയാക്കി പരല്‍ മീനുകളെ പിടിചു കളിച്ചതും.. മീനുകളെ കൈകളിലെടുത്തു  തലയുയര്‍ത്തി  നില്‍കുമ്പോള്‍,  കൂടത്തിലെ സുന്ദരിയുടെ പരല്‍ മീനുകളെപോലെ പിടക്കുന്ന വെള്ളാരം കണ്ണുകള്‍ തിളങ്ങുന്നതും, മറ്റൊരു സുന്ദരിയുടെ നുണക്കുഴി കവിളുകളില്‍ കുസൃതി ചിരി തെളിയുന്നതും, അത് കണ്ടു നായകനെപ്പോലെ ഞാന്‍ നില്‍കുമ്പോള്‍ ദയനീയമായ മറ്റു  കൂടുകാരുടെ നോട്ടവും. ചെളി പുരണ്ട ഉടുപ്പ് വീട്ടിലാരും കാണാതെ ഒളിപ്പിക്കാന്‍ ഓടിയതും...
            തൊടിയിലെക്കോടി കുന്നിക്കുരുവും മഞ്ചാടിക്കുരുവും   പെറുക്കാന്‍   മത്സരിച്ചതും.. അപ്പോള്‍ കളിക്കൂടുകാരനായി പെയ്ത മഴയില്‍, കൈകള്‍ഇരു വശത്തേക്കും നീട്ടി നനഞ്ഞു കുതിര്‍ന്നതും,  അമ്മയുടെ സ്നേഹം നിറഞ്ഞ ശകാരം കേട്ടതും, തല തോര്‍ത്തി    രാസ്നാദിപ്പൊടി തിരുമ്മിയതും... കോലായിലിരുന്നു മഴത്തുള്ളികളെ തട്ടിക്കൊണ്ടു ചൂടുള്ള ചായ കുടിച്ചതും,.. ഒളിച്ചു കളികളില്‍  കണ്ടിട്ടും കാണാത്തത് പോലെ  പോയ കൂട്ടുകാരിയുടെ കള്ളചിരിയും...
    എല്ലാം എല്ലാം , എനിക്കിനിയും വേണം,..... എന്റ കുട്ടിക്കാലം അതിനിയും വേണം...                  
നഷ്ട സ്വപ്‌നങ്ങള്‍ ഇനി തിരിച്ചു   വരില്ല  അല്ലെ,..ആന്ഗ്രീ ബെര്ട്സിനും    ഐ ഫോണിനും ഇടയില്‍     മഞ്ചാടിക്കുരുവിന്റെയും കുന്നിക്കു രുവിന്റെയും  നിഷ്കളന്ഗത  നഷ്ടമാകുന്ന ഈ കാലത്തില്‍, ബാല്യത്തിന്റെ ഓര്‍മ്മകലെങ്കിലും  നഷ്ടമാകതിരിക്കട്ടെ.. 

പുത്തന്‍  പ്രതീക്ഷകളായ എല്ലാ കുരുന്നുകല്‍കുമായ്   സമര്‍പ്പിക്കുന്നു...

Thursday, May 17, 2012

ചോറ് ഉണ്ടാക്കിയ (ഉണ്ടയാക്കിയ) കഥ..


ചെമ്പാവു പുന്നെല്ലിന്‍  ചോറോ....



            കോളേജ്  കാന്റീനില്‍ നിന്ന് നല്ല ചൂട് ചോറ് കഴിച്ചതിന്റെ സ്വാദ്   ദേ ഇപ്പോഴും  പോയിട്ടില്യ. ഇവന്‍ ഈ ചോറ് തിന്ന കഥയാണോ ഇത്ര കാര്യായിട്ട് പറയാന്‍ പൊകൂന്നതു, എന്ന് കരുതരുത്.സത്യത്തില്‍ ഇത്  സെക്കണ്ട്   ഇയര്‍ കുട്ടികള്ക്  ഫസ്റ്റ്  ഇയര്‍ കുട്ടികളോടുള്ള, സ്നേഹത്തിന്റെയും ആത്മബന്ധതിന്റെയും (ഗഥ) അല്ല കഥയാണ്..(സത്യം),പിന്നെ അവര്‍ക്ക് തിരിച്ചും.അത് വഴിയെ മനസ്സിലായിക്കൊള്ളും.
                     നമ്മള്‍ സുഹൃത്തുക്കളുടെ സ്നേഹക്കൂടുതല്‍ കൊണ്ട് മാത്രംഒരു ഊണ് വാങ്ങിച്ചു ഏഴും എട്ടും പേര്  (കാന്റീനില്‍ അപ്പോള്‍ ഉള്ളവരുടെ എണ്ണം അനുസരിച്ച്.) ഒരുമിച്ചാണ്   കഴിക്കുന്നത്‌. അവിടെ ഒരു വലിയ പാത്രത്തില്‍ നിറയെ നല്ല ചൂട് ചോറും കറിയും ആണ് കിട്ടുന്നത്.  അതിലാണ് ഈ പരാക്രമം. ചോറ് പാത്രം ടെസ്കിന്റെ പുറത്തു വക്കുന്നത് മാത്രം കാണാം. പിന്നെ നിമിഷ നേരം കൊണ്ട് പാത്രം ക്ളീന്‍... ചൂട് ചോറ് എങ്ങനെ ഇത്ര പെട്ടന്ന് തീരുന്നു അത് ഉത്തരമില്ലാത്ത ചോദ്യം. (ആക്രാന്തം ജയിച്ചു ചൂട്  തോറ്റു).വല്ലതും  കിട്ടിയവര്‍ ഭാഗ്യവാന്മാര്‍.........
                     അതുകഴിഞ്ഞ്  ക്ലാസ്സിലെ  തരുണീമണികളുടെ ചോറ്റുപാത്രത്തില്‍  കൈയിട്ടു  വാരാനുല്ലതാണ്, (അവര് സ്നേഹം കൊണ്ട് തരുന്നതല്ലേ, കഴിക്കാതിരിക്കുന്നത് മോശം അല്ലെ) അത് മാത്രമല്ല ആകെ ക്ലാസ്സില്‍ കയറുന്നത് അപ്പോള്‍ മാത്രമാണ്.  പാവം തരുണീ മണികള്‍ക്കറിയില്ലല്ലോ കാന്റീനില്‍ ഒരു അങ്കം കഴിഞ്ഞു വരുന്നതാണെന്ന്. 
                        നമ്മള്  അങ്ങനെ രണ്ടാം വര്‍ഷത്തിലേക്ക് കടന്നു,  അതായതു സീനിയര്‍,  ഇന്നത്തെ ഊണിനുള്ള  വക   എങ്ങനെ ഒപ്പിക്കാം എന്ന് ആലോചിച്ചു നടക്കുമ്പോഴാണ്  പാവം ജൂനിയര്‍ പയ്യന്‍സ്  നമ്മുടെ മുന്നില്‍ വന്നു പെടുന്നത്.ഇവരെ പരിചയപ്പെടാതെ വിടുന്നത് ആലോക സീനിയര്‍ പയ്യന്‍സിനു മോശമായതിനാല്‍, എന്റെ കൂട്ടുകാരന്സ് രഞ്ജിത്തും  റാസിയും ആ ദൌത്യം ഏറ്റെടുത്തു. പാവം ജൂനിയര്‍  കുഞ്ഞാടുകള്‍, അവരെ ഓരോരോ മുട്ടനാടുകളായി പരിചയപ്പെട്ടു (അയ്യേ  റാഗിങ്ങാ, അതെന്താന്നു പോലും ഞങ്ങള്‍ക്കറിയില്ല, ഇത് ജസ്റ്റ്‌  പരിചയപ്പെടല്‍ ഒണ്‍ലി).
                  ആ കുഞ്ഞാടുകളില്‍ നിന്ന്,  കണ്ടാല്‍ നല്ല തറവാട്ടില്‍ പിറന്നതാണെന്ന് തോന്നിയ    ഒരു  കുഞ്ഞാടിനെ മാത്രം ഇങ്ങു പൊക്കി, ബാക്കി കുഞ്ഞാടുകളെ പുല്ലു മേയാന്‍ വിട്ടു. തല്‍കാലം ബാബുമോന്‍ എന്ന് വിളിക്കാം   കുഞ്ഞാടിനെ.
   രഞ്ജിത്  ബാബുമോന്റെ തോളില്‍ കയ്യിട്ടു കാര്യത്തിലേക്ക് കടന്നു.
നീ ചോറ്  കൊണ്ട് വന്നോടെയ് .
ഇല്ല ബാബുമോന്‍ മൊഴിഞ്ഞു.
പിന്നെ നീ ചോറ് തിന്നാരില്ലേ,’
ഞാന്‍ ഹോട്ടലില്‍ നിന്നാ കഴിക്കുന്നേ.
ആണോ, (മോനെ മനസ്സില്‍ ലഡ്ഡു പൊട്ടി.).അപ്പോള്‍ ഇന്ന് ചേട്ടന്മാര്‍ക്ക്  മോനു ഊണ് വാങ്ങിതരുന്നു , അല്ലെ ബാബുമോനേ?’
അയ്യോ, അതിനു എന്റെ കയ്യില്‍ ഒരു ഊണിനുള്ള പൈസ ഉള്ളു.
കള്ളം പറയല്ലേ, രഞ്ജിത്  ചിരിച്ചു കൊണ്ട് പറഞ്ഞു.
അല്ല ചേട്ടാ സത്യം.
നീ ഇവിടത്തെ കാന്റീനില്‍ നിന്ന് കഴിക്കാരില്ലേ..
ഇത് വരെ കഴിച്ചിട്ടില്ല,
എന്നാല്‍ ഇന്ന് ബാബുമോന്  ചേട്ടന്മാരുടെ വകമോന്റെ ഒരു സന്തോഷത്തിനു കാശ്   നീ തന്നെ കൊടുത്തോളൂ.
                                      അങ്ങനെ ജാഥയായിട്ടു രഞ്ജിത്തും ഞാനും റാസിയും അരുണും സനലും,കൂടെ പാവം ബാബുമോനും കാന്റീനിലേയ്ക്ക് , ബാബുമോന്റെ വകയായിട്ട്  ഒരു ഊണും പറഞ്ഞു, അങ്ങനെ ഊണ് വന്നു, ഡെസ്കില്‍ പാത്രം വയ്ച്ചു. ബാബുമോന്‍ ചോറിലേക്ക്‌ കൈ നീട്ടി സ്വല്പം ചോറ് എടുത്തു.ചൂട്  അധികമായതിനാല്‍   കൈ പിന്‍വലിച്ചു, കൈ പൊള്ളിയോ എന്നു  നോക്കി. തിരിച്ചു പാത്രത്തില്‍ നോക്കിയ ബാബുമോന്‍ , പിന്നെ പാത്രത്തില്‍ നോക്കേണ്ടി വന്നില്ല,. 
                                      ഇത്ര പെട്ടെന്ന് ചോറ് ഒരു വഴിയാകുമെന്നു അവന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല.അവന്‍ കുറച്ചുനേരം  കണ്ണുമിഴിച്ചു എല്ലാരേം ഒന്ന്  നോക്കി. ഒരു ഭാവ മാറ്റവും ഇല്ലാതെ അഞ്ചു മുട്ടനാടുകള്‍. 

അന്നാണ്  ബാബുമോന്,  സീനിയര്‍സിന് ചോറിനോടുള്ള സ്നേഹവും ആത്മബന്ധവും മനസിലായത്.    

                     

Sunday, February 12, 2012

കാത്തിരിപ്പ്‌

പകച്ച കണ്ണുകളില്‍ നിന്നും പ്രണയവും പ്രതീക്ഷകളും എന്നേയ്ക്കുമായി, മാഞ്ഞു പോയിരിക്കുന്നു.

ഇനി....

അടുത്ത വളവില്‍ ജീവിതം കരുതി വെയ്ച്ചിരിക്കുന്ന പുതിയ സമ്മാനത്തിനായുള്ള
കാത്തിരിപ്പ്‌......

Wednesday, February 1, 2012

ഓര്‍മ്മകള്‍ മാത്രം...


എല്ലാ ഓര്‍മ്മകളും ഒടുവില്‍ ചെന്നെത്തുന്നത് നിന്നിലായിരുന്നു...
എല്ലാ നിശബ്ദതകളും ഒടുവിലവസാനിക്കുന്നത് നിന്‍റെ, വളകിലുങ്ങുന്ന ചിരികളിലായിരുന്നു...
ഇപ്പോഴും എന്റെ ഏകാന്തതകളില്‍ എനിക്ക് കൂട്ടായിരിക്കുന്നത് നീ തന്ന ആ നൂറു നൂറു നല്ല ഓര്‍മ്മകളാണ്, ആ ഓര്‍മ്മകളൊഴിച്ച് ബാക്കിയെല്ലാം,...
പ്രിയപ്പെട്ടവളേ... എന്നില്‍ നിന്നും നീ തിരിച്ചെടുത്തില്ലേ....

Monday, January 30, 2012

പ്രിയപ്പെട്ട കൂട്ടുകാരീ...

ആയുസിന്റെ ഈ കണക്കുപുസ്തകവും ഞാന്‍ നിനക്ക് സമര്‍പ്പിക്കുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ശ്രാവണ മാസത്തില്‍ നമ്മളാദ്യമായി കണ്ടതും, പരിചയപ്പെട്ടതും, കൂട്ടുകൂടിയതും, പിന്നെ......  മഴവില്ല് മാഞ്ഞുപോകുന്നത് പോലെ പൊള്ളിക്കുന്ന ഓര്‍മ്മകളിലെ ഉള്ളുവേവുന്ന ഒരു മധ്യാഹ്നത്തില്‍, ഒടുവിലത്തെ ഒരു നിറകണ്‍ചിരിയുമായി ഈ ഭൂമിയില്‍ അവസാനമായി പരസ്പരം നമ്മള്‍ യാത്ര പറഞ്ഞതും...
    നിനക്ക് തന്ന വക്കുകളോരോന്നായി എനിക്ക് തെറ്റിപ്പോയതും, നീ കണ്ടു തീര്‍ക്കാതെ എനിക്കായി വെയ്ച്ച സ്വപ്‌നങ്ങള്‍... വഴിയിലെപ്പോഴോ നഷ്ടമായതും...ഭൂമിയില്‍ ഏറ്റുപറയാനാരുമില്ലാതെ, പകരം വെയ്ക്കാനാരുമില്ലാതെ, നിനക്ക് ശേഷം എന്റെ ലോകം ചെറുതായിപ്പോയതും...
നിന്റെ മനസ്സിലെവിടെയോ ബാക്കി വെയ്ച്ച്പോയ, നന്മയുടെ, സ്നേഹത്തിന്‍റെ, വിശുദ്ധിയുടെ ഒരു നിറദീപം... നിന്‍റെ ഓര്‍മ്മകളോടൊപ്പം ഹൃദയത്തില്‍ അണയാതെ നില്‍ക്കുന്നത്, ദുസ്സഹമായ ഏകാന്തതയുടെ മറുവാക്കുകളില്ലാത്ത എന്‍റെ രാത്രി യാത്രകളില്‍ എനിക്ക് കൂട്ടാവുന്നതും...
പ്രിയപ്പെട്ട കൂട്ടുകാരീ...
    മഴ പെയ്യുന്ന ഈ സന്ധ്യയില്‍ ജാലകപ്പടിയിലൂടെ ഇറ്റുവീഴുന്ന മഴതുള്ളികളോടൊപ്പം, നിന്‍റെ ഓര്‍മ്മകള്‍ എന്നില്‍ നിറയ്ക്കുന്ന മിഴിതുള്ളികളും.....
    നിനക്ക് സമര്‍പ്പിക്കുന്നു... എന്‍റെ ജന്മ തര്‍പ്പണങ്ങളായി....  
     

Wednesday, January 18, 2012

പ്രാണന്റെ കടപ്പാട്


നിന്റെ പ്രാർത്ഥനകളായിരുന്നുവോ...
അതോ, മനസ്സിലിനിയും കെട്ടുപോയിട്ടില്ലാത്ത ഏതോ ചില നൻമകളുടെ ജീവനാളങ്ങൾ എന്നെ കാത്തുവച്ചതോ... ഇതുവരെയും ദുരന്തങ്ങള്‍ വഴിമാറിപ്പോയിരുന്നു...                                   
 പക്ഷെ, ഇന്നലത്തെ വൈകുന്നേരം നീ എന്നില്‍ നിന്നും തിരിച്ചു ചോദിച്ചത് നിന്റെ ഹൃദയം മാത്രമായിരുന്നില്ല....
ഇത് വരെയും എന്നെ ജീവിപ്പിച്ചിരുന്ന പ്രാണന്റെ കാവല്‍നക്ഷത്രവുമായിരുന്നു,.       
  ആയുസിന്റെ മരുയാത്രകളില്‍ ഒപ്പം നീയില്ലെങ്കില്‍, ഏതു ചെറിയ പോക്കുവെയിലിലും ഞാന്‍ വാടിപ്പോകുമെന്നു നിനക്ക് മുന്നേ അറിയാവുന്നതല്ലേ.?. നിഴലു പോലെ കൂടെയുള്ള ദുര്‍വിധിയുടെ തീമഴകളില്‍ എനിക്ക് പിടിച്ചു നില്ക്കാന്‍, നിന്റെ മന്ദഹാസത്തിന്റെ തേന്മഴ ഇതുവരെ കൂട്ടിനുണ്ടായിരുന്നു.
ഇപ്പോൾ .....
'എന്നെ പൊതിഞ്ഞു നിന്നിരുന്ന നിരവൃതികളുടെ ഒരു പട്ടുകമ്പളം മെല്ലെ മെല്ലെ എന്നില്‍ നിന്ന് മാഞ്ഞുപോകുന്നതും, ദുരന്തങ്ങളില്‍ താങ്ങായിരുന്ന, സ്നേഹത്തിന്റെ ആശ്വാസത്തിന്റെ ഒരു മേഘശലഭം എന്റെ ആകാശത്തില്‍ നിന്നും പതിയെ പറന്നകലുന്നതും.... ഏകാന്തതയുടെ ആയിരം ഗ്രീഷ്മകിരണങ്ങൾ എന്നെ ഒന്നോടെ വിഴുങ്ങുന്നതും.. ഒന്ന് കാണുവാനാകാതെ, ഒരു വാക്ക് പറയുവാനാകാതെ...നിന്റെ കയ്യിലൊന്നു മുറുകെ പിടിക്കുവാനാകാതെ....വിസ്മ്രിതിയുടെ തമോഗര്ത്തങ്ങളിലേക്ക് താഴ്ന്നു പോകുന്നത് ഞാന്‍ അറിയുന്നു’...

അപ്പോഴും കടപ്പാടുകളിലേറ്റവും വലുത് എന്റെ നേര്‍ക്ക്‌ നീണ്ട നിന്റെ വിരല്‍തുമ്പുകളോടുള്ളതായിരുന്നു.....

Sunday, January 15, 2012

ഇനിയും പിറക്കാത്ത തിരക്കഥ..


                             "മലയാള സിനിമയ്ക്ക്  കുറച്ച് നല്ല തിരക്കഥകള്‍  വേണം ." . ഈ ഒരൊറ്റ ഡയലോഗിന്റെ ബലത്തില്‍, ഞാനും എന്‍റെ  കൂട്ടുകാരന്‍സ് അരുണും സനലും കൂടി   മലയാള സിനിമയെ  രക്ഷിക്കാന്‍ കച്ച കെട്ടിയിറങ്ങി. .ഫൈനല്‍ ഇയര്‍ ഡിഗ്രി എക്സാം കഴിഞ്ഞുവായിനോട്ടത്തിന്റെ അനന്ത സാധ്യതകളെക്കുറിച്ച് ഗവേഷണം ചെയ്യുന്ന കാലം. ഒരു ദിവസം  പഴയ കാല തല്ലുകൊള്ളിതരങ്ങള്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ് ആ മോഹമുദിച്ചത്കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ഏക്സ്ട്ര  ഏക്സ്ട്ര. അങ്ങനെ മൂന്നു കഥാകൃത്തുക്കളും തിരക്കഥ മോഹവുമായി കഥയെഴുതാന്‍ ചാടിപ്പുറപ്പെട്ടു.

മൂന്നുപേര് എഴുതുമ്പോള്‍ മൂന്നു കഥയാവില്ലേ, അരുണിനൊരു സംശയം.മൂന്നു കഥയില്‍നിന്നു ഇഷ്ടപ്പെടുന്ന കഥ  എടുത്തു തിരക്കഥ ഉണ്ടാക്കാം (പിന്നെ കുറെ ഉണ്ടാക്ക്കും) സനലിന്റെ അഭിപ്രായത്തോട് യോചിച്ചു.ഒരു മാസം കഴിഞ്ഞു ഇതേ കോളേജിന്റെ മരച്ചുവട്ടില്‍, കഥയുമായി വീണ്ടും കാണാമെന്നു പറഞ്ഞു പിരിഞ്ഞു.


പത്മരാജനും, എം.ടി യും, രഞ്ജിത്തും,അങ്ങനെ അങ്ങനെ നല്ലവരായ-തിരക്കഥാകൃത്തുക്കൾ,മനസിന്റെ വെള്ളിത്തിരയില്‍ ഓടിക്കളിച്ചു.നമ്മള്‍ കഥയെഴുതുന്നു, സിനിമയാവുന്നു,അത് ഹിറ്റാകുന്നു.ഹോ ഹോ, ഓര്‍ത്തിട്ടു തന്നെ കുളിര് കോരുന്നു.(ആഹാ, എന്ത് മനോഹരമായ നടക്കാത്തസ്വപ്നം).


ഇപ്പോഴത്തെ സ്റ്റൈല്‍ വച്ച്  കുറെ ഇംഗ്ലീഷ് പടങ്ങള്‍ കണ്ടിട്  അതില്‍ നിന്ന് കോപ്പി അടിച്ചാലോ  എന്നാലോചിച്ചു. എന്നാല്‍ അത് എന്റെ സ്ടാടസ്സിനു പറ്റാത്തത്  ആയതു കൊണ്ട്   ബാലരമ,ബാലഭൂമി,പൂമ്പാറ്റ,ബാലമംഗളം ഇവയ്ക്കുനടുവില്‍ ഞാന്‍ചിന്താമഗ്നനായി. കഥയെഴുത്തോട് എഴുത്ത്. അരുണും സനലും ഇതേ സ്ഥിതിയായിരിക്കും.

അങ്ങനെ ഒരു മാസം (ഫൈനല്‍ടെസ്ടിനേഷന്‍) കഴിഞ്ഞു. രാവിലെ മൂന്നു പേരും, സോറി മൂന്നു കഥാകൃത്തുക്കള്‍ കഥയുമായി അവതരിച്ചു.അടുത്തത് കഥ കേള്‍ക്കല്‍ മഹാമഹം.സനലിന്റെ  കഥയുടെ  സംഗതി മനസിലാണ് ഉള്ളത്,അല്ലാതെ എഴുതീട്ടില്ല.  എന്തായാലും അവന്‍, ഒരു കാമ്പസ് ആക്ഷന്‍ സ്റ്റോറി ഹോളിവുഡ് സ്റ്റൈലില്‍പറഞ്ഞു നിര്‍ത്തി. സംഗതി കൊളളാം.(പക്ഷെ ഞാന്‍ എഴുതിയത്ര വരില്ല).അങ്ങനെ അരുണിന്റെ ഊഴമായി, ഭാഗ്യത്തിന് അവന്‍ ഒരു പേജില്‍ എഴുതിയിട്ടുണ്ട്. അവന്‍ ഒരു റൊമാന്റിക്‌ ലവ് സ്റ്റോറി പറഞ്ഞു. അതും കൊളളാം.(പക്ഷെ ട്വിസ്റ്റ്‌ ഞാന്‍ എഴുതിയത്രഇല്ല.). 

നിങ്ങള്‍ടെ കഥയൊക്കെ തീര്ന്നല്ലേ, അഹങ്കാര ഭാവത്തോടെ,ഞാന്‍ ഒരു കെട്ട് പേപ്പര്‍ എടുത്തു കൊടുത്തു.കണ്ടാടാ ഇതാണ് കഥ, വായിച്ചു പഠിക്ക്.മുഖത്ത് അഹംഭാവം കുറച്ചൂടെ വരുത്തി രണ്ടു പേരെയും നോക്കി.


അരുണ്‍ അത് വായിക്കാന്‍ തുടങ്ങി. നായികയുടെ പേര് "അജിത".അയ്യേ അജിതയോ,എന്തുവാടാ ഈ എഴുതി വെച്ചിരിക്കുന്നെ. രണ്ടുപേരും മുഖത്തോട് മുഖം നോക്കി ചിരിയോടു ചിരി.(ഏതെങ്കിലും"അജിത"മാര്‍ ഇത് വായിക്കുന്നെങ്കില്‍ ക്ഷമിക്കുക). അങ്ങനെ കഥയുടെ ആദ്യം കുളമായീന്നു മനസിലായി.  സ്വാഭാവികമായുംഎന്റെ മുഖത്തുണ്ടായിരുന്ന അഹങ്കാരം മുങ്ങി ചമ്മല്‍ എന്‍ട്രി ചെയ്തു.ഓരോ വാക്കും വാചകവും വായിച്ചു അവര് ചിരിയോടു ചിരി. (ഈശ്വരാ പണി പാളി ഞാന്‍ മനസ്സില്‍ വിചാരിച്ചു). അങ്ങനെപൊട്ടിച്ചിരികൾക്കും കളിയാക്കലുകൾക്കുമൊടുവിൽ കഥ തീര്‍ന്നു (എന്റെയും).

എന്തോ വലിയ അപരാധം ചെയ്തവനെ പോലെ ഞാനിരുന്നു.(ഈ കഥ ഇത്രേം കോമടി ആയിരിക്കുമെന്ന് ഞാന്‍ കരുതിയില്ല ).ഇതുവരെ ഒരു സിനിമേലും വരാത്ത ഡിഫറന്റ്റ് സ്ടോറിയാണ് സനല്‍ ചിരി മതിയാക്കി പറഞ്ഞു.അപ്പോൾ കഥ കൊള്ളാമല്ലേ.?. ഞാന്‍ ഒന്നൂടെ ഞെളിഞ്ഞിരുന്നു,അങ്ങനെ ഞാന്‍ കഥാകൃത്തായി..(തിരക്കഥ,സിനിമ.....പഴെ സ്വപ്നം റീലോഡഡ്, രോമാന്ജംസ് എക്സട്ര എക്സട്ര.... ). കഥയൊക്കെ കൊള്ളാം പക്ഷെ,നീ ഒരു കഥ കൊണ്ട് ഈ പരിപാടി നിര്‍ത്തുന്നതാണ് നല്ലത്.അവര് വീണ്ടും പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.മേലാല്‍ ഈ സൈസ് പരിപാടിയും കൊണ്ട് ഈ ഏരിയയില്‍ കണ്ടു പോകരുതെന്ന്,  നിന്നെ പ്രേക്ഷകര്‍ കൈ വെക്കുന്നത് കാണാന്‍ വയ്യെന്ന്. (എന്ത് നല്ല കൂട്ടുകാര്‍, ഇതാണളിയാ സ്നേഹം).


ഞാന്‍ ചിരിക്കണോ കരയണോ?...അന്നത്തോടെ ഞാന്‍ ഒരു കാര്യം ഉറപ്പിച്ചു, ഇതെനിക്ക് പറ്റിയ പണിയല്ല (മലയാള സിനിമക്ക് ഭാഗ്യം ഇല്ലെന്നെ.എന്റെ കഥ സിനിമിയാക്കാന്‍, പുവര്‍ ഫിലിം ഇന്ടസ്ട്രി )

അങ്ങനെ തിരക്കഥ മോഹങ്ങള്‍ കുഴിച്ചുമൂടി, ഖബറില്‍ ഒരു പിടി പച്ചമണ്ണ് വാരിയിട്ടു ഞങ്ങള്‍ യാത്ര തുടരുന്നു... ("സോ പ്രേക്ഷകരെ നിങ്ങള്ക്ക് സന്തോഷിക്കാം.").. തിരക്കതാ കി സിന്ദഘി ജോ ഖബീ നഹീ..... ഖതം ഹോ ജാതീ ഹേ...... 

ഇനിയും പിറക്കാത്ത തിരക്കഥകളേ....


Tuesday, January 10, 2012

എനിക്കറിയാവുന്നത് നിന്നെ മാത്രം




            ഞാൻ‍ നിന്റെ പേരെഴുതിയിരുന്നത് എന്റെ ഹൃദയത്തിൽതന്നെയായിരുന്നു...
അല്ലായിരുന്നെങ്കിൽ...'നമുക്കിടയിലെ, ചെറുതെങ്കിലും... എനിക്ക് യുഗങ്ങളായി തോന്നിയ, അസഹ്യമായ ആ ഇടവേളയ്ക്കൊടുവിൽ‍... വഴിക്കണ്ണുമായി നിന്നെയും കാത്തിരുന്ന, നിന്നെ മാത്രം ഓർത്തിരുന്ന എന്നെ... നിസ്സാരമായി അവഗണിച്ച്, ഒരു വാക്ക് പോലും മിണ്ടാതെ, തിരിഞ്ഞു പോലും നോക്കാതെ നീ നടന്നു പോയപ്പോൾ '.... 
     ഒരു നിമിഷമെങ്കിലും എനിക്ക് നിന്നോട് പിണക്കം തോന്നിയേനെ....നിന്റെ ഒരു മന്ദഹാസം,നിന്റെ ഒരു വാക്ക്, നിന്റെ ഒരു നോക്ക്.........
ഇതൊക്കെ എനിക്കെന്താണെന്ന് ,എന്നെക്കാൾ അറിയാമായിരുന്നിട്ടും...     അതെല്ലാം നീയെനിക്ക് നിഷേധിച്ചില്ലേ...  
   എന്നിട്ടും ഞാന്‍ പിണങ്ങിയില്ല.... ഞാൻ നിന്റെ രൂപം കൊത്തി വച്ചിരുന്നത്, എന്റെആത്മാവിലായിരുന്നു. അത് കൊണ്ടായിരിക്കണം, ‘നീയില്ലാതിരുന്ന...
ഏകാന്തതയുടെ, നിസ്സഹായതയുടെ,നിസ്സംഗതയുടെ ദിനരാത്രങ്ങളിലോ ....  അല്ലെങ്കിൽ അതിനെക്കാൾ എന്നെ നൊമ്പരപ്പെടുത്തിയ നിന്റെ മൌനത്തിലോ... ഒരിക്കൽ‍പ്പോലും, നിന്നോടെനിക്ക് നീരസം തോന്നാതിരുന്നത്...’ 
   പക്ഷേ പ്രിയപ്പെട്ടവളേ... നീയെന്നെ ഒഴിച്ചു നിർത്തിയിട്ടുള്ളപ്പോഴൊക്കെ...ഞാനോര്‍മ്മിച്ചത്, അല്ലാത്തപ്പോഴൊക്കെ നീയെനിക്ക് പകര്‍ന്നു തന്നിട്ടുള്ള സ്നേഹത്തിന്റെ, നിർവൃതികളുടെ...നൂറു നൂറു ധന്യ നിമിഷങ്ങളെക്കുറിച്ചാണ്...  
            ..എനിക്കറിയാവുന്നത് നിന്നെ മാത്രമല്ലേ ഭൂമിയിൽ...