Wednesday, June 6, 2012

എനിക്കെന്റെ ബാല്യം തിരികെതരൂ..


          ബാല്യകാലത്തിലെക്കൊരു തിരിച്ചു പോക്ക് കൊതികാത്തവരുണ്ടാകുമോ.?
പുത്തന്‍ കുടയുടെ അരികുകളെ ഭേദിച്ച്  കൊഞ്ചലായി നനയിക്കുന്ന മഴയും, അവസാനം കാറ്റിന്റെ വികൃതിയില്‍ കുട ദൂരേക്ക്‌ പറക്കുമ്പോള്‍ , നനയാതെ പുസ്തകം മാറോടടക്കിപിടിച്ചു  അതിനു പിറകെ ഓടിയതും.പാടവരമ്പിലൂടെ വെള്ളം തട്ടിത്തെറിപ്പിച്ചു സ്കൂളിലെക്കുള്ള യാത്രയും, വൈകുന്നേരം തോട്  വരമ്പില്‍ നിന്ന് , കൂടെയുള്ള സുന്ദരികളുടെ അത്ഭുദം  പിടിച്ചു വാങ്ങാന്‍, സ്വന്തം ഉടുപിനെ വലയാക്കി പരല്‍ മീനുകളെ പിടിചു കളിച്ചതും.. മീനുകളെ കൈകളിലെടുത്തു  തലയുയര്‍ത്തി  നില്‍കുമ്പോള്‍,  കൂടത്തിലെ സുന്ദരിയുടെ പരല്‍ മീനുകളെപോലെ പിടക്കുന്ന വെള്ളാരം കണ്ണുകള്‍ തിളങ്ങുന്നതും, മറ്റൊരു സുന്ദരിയുടെ നുണക്കുഴി കവിളുകളില്‍ കുസൃതി ചിരി തെളിയുന്നതും, അത് കണ്ടു നായകനെപ്പോലെ ഞാന്‍ നില്‍കുമ്പോള്‍ ദയനീയമായ മറ്റു  കൂടുകാരുടെ നോട്ടവും. ചെളി പുരണ്ട ഉടുപ്പ് വീട്ടിലാരും കാണാതെ ഒളിപ്പിക്കാന്‍ ഓടിയതും...
            തൊടിയിലെക്കോടി കുന്നിക്കുരുവും മഞ്ചാടിക്കുരുവും   പെറുക്കാന്‍   മത്സരിച്ചതും.. അപ്പോള്‍ കളിക്കൂടുകാരനായി പെയ്ത മഴയില്‍, കൈകള്‍ഇരു വശത്തേക്കും നീട്ടി നനഞ്ഞു കുതിര്‍ന്നതും,  അമ്മയുടെ സ്നേഹം നിറഞ്ഞ ശകാരം കേട്ടതും, തല തോര്‍ത്തി    രാസ്നാദിപ്പൊടി തിരുമ്മിയതും... കോലായിലിരുന്നു മഴത്തുള്ളികളെ തട്ടിക്കൊണ്ടു ചൂടുള്ള ചായ കുടിച്ചതും,.. ഒളിച്ചു കളികളില്‍  കണ്ടിട്ടും കാണാത്തത് പോലെ  പോയ കൂട്ടുകാരിയുടെ കള്ളചിരിയും...
    എല്ലാം എല്ലാം , എനിക്കിനിയും വേണം,..... എന്റ കുട്ടിക്കാലം അതിനിയും വേണം...                  
നഷ്ട സ്വപ്‌നങ്ങള്‍ ഇനി തിരിച്ചു   വരില്ല  അല്ലെ,..ആന്ഗ്രീ ബെര്ട്സിനും    ഐ ഫോണിനും ഇടയില്‍     മഞ്ചാടിക്കുരുവിന്റെയും കുന്നിക്കു രുവിന്റെയും  നിഷ്കളന്ഗത  നഷ്ടമാകുന്ന ഈ കാലത്തില്‍, ബാല്യത്തിന്റെ ഓര്‍മ്മകലെങ്കിലും  നഷ്ടമാകതിരിക്കട്ടെ.. 

പുത്തന്‍  പ്രതീക്ഷകളായ എല്ലാ കുരുന്നുകല്‍കുമായ്   സമര്‍പ്പിക്കുന്നു...

Thursday, May 17, 2012

ചോറ് ഉണ്ടാക്കിയ (ഉണ്ടയാക്കിയ) കഥ..


ചെമ്പാവു പുന്നെല്ലിന്‍  ചോറോ....



            കോളേജ്  കാന്റീനില്‍ നിന്ന് നല്ല ചൂട് ചോറ് കഴിച്ചതിന്റെ സ്വാദ്   ദേ ഇപ്പോഴും  പോയിട്ടില്യ. ഇവന്‍ ഈ ചോറ് തിന്ന കഥയാണോ ഇത്ര കാര്യായിട്ട് പറയാന്‍ പൊകൂന്നതു, എന്ന് കരുതരുത്.സത്യത്തില്‍ ഇത്  സെക്കണ്ട്   ഇയര്‍ കുട്ടികള്ക്  ഫസ്റ്റ്  ഇയര്‍ കുട്ടികളോടുള്ള, സ്നേഹത്തിന്റെയും ആത്മബന്ധതിന്റെയും (ഗഥ) അല്ല കഥയാണ്..(സത്യം),പിന്നെ അവര്‍ക്ക് തിരിച്ചും.അത് വഴിയെ മനസ്സിലായിക്കൊള്ളും.
                     നമ്മള്‍ സുഹൃത്തുക്കളുടെ സ്നേഹക്കൂടുതല്‍ കൊണ്ട് മാത്രം, ഒരു ഊണ് വാങ്ങിച്ചു ഏഴും എട്ടും പേര്  (കാന്റീനില്‍ അപ്പോള്‍ ഉള്ളവരുടെ എണ്ണം അനുസരിച്ച്.) ഒരുമിച്ചാണ്   കഴിക്കുന്നത്‌. അവിടെ ഒരു വലിയ പാത്രത്തില്‍ നിറയെ നല്ല ചൂട് ചോറും കറിയും ആണ് കിട്ടുന്നത്.  അതിലാണ് ഈ പരാക്രമം. ചോറ് പാത്രം ടെസ്കിന്റെ പുറത്തു വക്കുന്നത് മാത്രം കാണാം. പിന്നെ നിമിഷ നേരം കൊണ്ട് പാത്രം ക്ളീന്‍... ചൂട് ചോറ് എങ്ങനെ ഇത്ര പെട്ടന്ന് തീരുന്നു അത് ഉത്തരമില്ലാത്ത ചോദ്യം. (ആക്രാന്തം ജയിച്ചു ചൂട്  തോറ്റു).വല്ലതും  കിട്ടിയവര്‍ ഭാഗ്യവാന്മാര്‍.........
                     അതുകഴിഞ്ഞ്  ക്ലാസ്സിലെ  തരുണീമണികളുടെ ചോറ്റുപാത്രത്തില്‍  കൈയിട്ടു  വാരാനുല്ലതാണ്, (അവര് സ്നേഹം കൊണ്ട് തരുന്നതല്ലേ, കഴിക്കാതിരിക്കുന്നത് മോശം അല്ലെ) അത് മാത്രമല്ല ആകെ ക്ലാസ്സില്‍ കയറുന്നത് അപ്പോള്‍ മാത്രമാണ്.  പാവം തരുണീ മണികള്‍ക്കറിയില്ലല്ലോ കാന്റീനില്‍ ഒരു അങ്കം കഴിഞ്ഞു വരുന്നതാണെന്ന്. 
                        നമ്മള്  അങ്ങനെ രണ്ടാം വര്‍ഷത്തിലേക്ക് കടന്നു,  അതായതു സീനിയര്‍,  ഇന്നത്തെ ഊണിനുള്ള  വക   എങ്ങനെ ഒപ്പിക്കാം എന്ന് ആലോചിച്ചു നടക്കുമ്പോഴാണ്  പാവം ജൂനിയര്‍ പയ്യന്‍സ്  നമ്മുടെ മുന്നില്‍ വന്നു പെടുന്നത്.ഇവരെ പരിചയപ്പെടാതെ വിടുന്നത് ആലോക സീനിയര്‍ പയ്യന്‍സിനു മോശമായതിനാല്‍, എന്റെ കൂട്ടുകാരന്സ് രഞ്ജിത്തും  റാസിയും ആ ദൌത്യം ഏറ്റെടുത്തു. പാവം ജൂനിയര്‍  കുഞ്ഞാടുകള്‍, അവരെ ഓരോരോ മുട്ടനാടുകളായി പരിചയപ്പെട്ടു (അയ്യേ  റാഗിങ്ങാ, അതെന്താന്നു പോലും ഞങ്ങള്‍ക്കറിയില്ല, ഇത് ജസ്റ്റ്‌  പരിചയപ്പെടല്‍ ഒണ്‍ലി).
                  ആ കുഞ്ഞാടുകളില്‍ നിന്ന്,  കണ്ടാല്‍ നല്ല തറവാട്ടില്‍ പിറന്നതാണെന്ന് തോന്നിയ    ഒരു  കുഞ്ഞാടിനെ മാത്രം ഇങ്ങു പൊക്കി, ബാക്കി കുഞ്ഞാടുകളെ പുല്ലു മേയാന്‍ വിട്ടു. തല്‍കാലം ബാബുമോന്‍ എന്ന് വിളിക്കാം ആ  കുഞ്ഞാടിനെ.
   രഞ്ജിത്  ബാബുമോന്റെ തോളില്‍ കയ്യിട്ടു കാര്യത്തിലേക്ക് കടന്നു.
‘നീ ചോറ്  കൊണ്ട് വന്നോടെയ്’ .
ഇല്ല ബാബുമോന്‍ മൊഴിഞ്ഞു.
‘പിന്നെ നീ ചോറ് തിന്നാരില്ലേ,’
ഞാന്‍ ഹോട്ടലില്‍ നിന്നാ കഴിക്കുന്നേ.
‘ആണോ, (മോനെ മനസ്സില്‍ ലഡ്ഡു പൊട്ടി.).അപ്പോള്‍ ഇന്ന് ചേട്ടന്മാര്‍ക്ക്  മോനു ഊണ് വാങ്ങിതരുന്നു , അല്ലെ ബാബുമോനേ?’
അയ്യോ, അതിനു എന്റെ കയ്യില്‍ ഒരു ഊണിനുള്ള പൈസ ഉള്ളു.
‘കള്ളം പറയല്ലേ, രഞ്ജിത്  ചിരിച്ചു കൊണ്ട് പറഞ്ഞു.
അല്ല ചേട്ടാ സത്യം.’
‘നീ ഇവിടത്തെ കാന്റീനില്‍ നിന്ന് കഴിക്കാരില്ലേ..’
ഇത് വരെ കഴിച്ചിട്ടില്ല,
‘എന്നാല്‍ ഇന്ന് ബാബുമോന്  ചേട്ടന്മാരുടെ വക, മോന്റെ ഒരു സന്തോഷത്തിനു കാശ്   നീ തന്നെ കൊടുത്തോളൂ.’
                                      അങ്ങനെ ജാഥയായിട്ടു രഞ്ജിത്തും ഞാനും റാസിയും അരുണും സനലും,കൂടെ പാവം ബാബുമോനും കാന്റീനിലേയ്ക്ക് , ബാബുമോന്റെ വകയായിട്ട്  ഒരു ഊണും പറഞ്ഞു, അങ്ങനെ ഊണ് വന്നു, ഡെസ്കില്‍ പാത്രം വയ്ച്ചു. ബാബുമോന്‍ ചോറിലേക്ക്‌ കൈ നീട്ടി സ്വല്പം ചോറ് എടുത്തു.ചൂട്  അധികമായതിനാല്‍   കൈ പിന്‍വലിച്ചു, കൈ പൊള്ളിയോ എന്നു  നോക്കി. തിരിച്ചു പാത്രത്തില്‍ നോക്കിയ ബാബുമോന്‍ , പിന്നെ പാത്രത്തില്‍ നോക്കേണ്ടി വന്നില്ല,. 
                                      ഇത്ര പെട്ടെന്ന് ചോറ് ഒരു വഴിയാകുമെന്നു അവന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല.അവന്‍ കുറച്ചുനേരം  കണ്ണുമിഴിച്ചു എല്ലാരേം ഒന്ന്  നോക്കി. ഒരു ഭാവ മാറ്റവും ഇല്ലാതെ അഞ്ചു മുട്ടനാടുകള്‍. 

അന്നാണ്  ബാബുമോന്,  സീനിയര്‍സിന് ചോറിനോടുള്ള സ്നേഹവും ആത്മബന്ധവും മനസിലായത്.    

                     

Sunday, February 12, 2012

കാത്തിരിപ്പ്‌

പകച്ച കണ്ണുകളില്‍ നിന്നും പ്രണയവും പ്രതീക്ഷകളും എന്നേയ്ക്കുമായി, മാഞ്ഞു പോയിരിക്കുന്നു.

ഇനി....

അടുത്ത വളവില്‍ ജീവിതം കരുതി വെയ്ച്ചിരിക്കുന്ന പുതിയ സമ്മാനത്തിനായുള്ള
കാത്തിരിപ്പ്‌......

Wednesday, February 1, 2012

ഓര്‍മ്മകള്‍ മാത്രം...


എല്ലാ ഓര്‍മ്മകളും ഒടുവില്‍ ചെന്നെത്തുന്നത് നിന്നിലായിരുന്നു...
എല്ലാ നിശബ്ദതകളും ഒടുവിലവസാനിക്കുന്നത് നിന്‍റെ, വളകിലുങ്ങുന്ന ചിരികളിലായിരുന്നു...
ഇപ്പോഴും എന്റെ ഏകാന്തതകളില്‍ എനിക്ക് കൂട്ടായിരിക്കുന്നത് നീ തന്ന ആ നൂറു നൂറു നല്ല ഓര്‍മ്മകളാണ്, ആ ഓര്‍മ്മകളൊഴിച്ച് ബാക്കിയെല്ലാം,...
പ്രിയപ്പെട്ടവളേ... എന്നില്‍ നിന്നും നീ തിരിച്ചെടുത്തില്ലേ....

Monday, January 30, 2012

പ്രിയപ്പെട്ട കൂട്ടുകാരീ...

ആയുസിന്റെ ഈ കണക്കുപുസ്തകവും ഞാന്‍ നിനക്ക് സമര്‍പ്പിക്കുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ശ്രാവണ മാസത്തില്‍ നമ്മളാദ്യമായി കണ്ടതും, പരിചയപ്പെട്ടതും, കൂട്ടുകൂടിയതും, പിന്നെ......  മഴവില്ല് മാഞ്ഞുപോകുന്നത് പോലെ പൊള്ളിക്കുന്ന ഓര്‍മ്മകളിലെ ഉള്ളുവേവുന്ന ഒരു മധ്യാഹ്നത്തില്‍, ഒടുവിലത്തെ ഒരു നിറകണ്‍ചിരിയുമായി ഈ ഭൂമിയില്‍ അവസാനമായി പരസ്പരം നമ്മള്‍ യാത്ര പറഞ്ഞതും...
    നിനക്ക് തന്ന വക്കുകളോരോന്നായി എനിക്ക് തെറ്റിപ്പോയതും, നീ കണ്ടു തീര്‍ക്കാതെ എനിക്കായി വെയ്ച്ച സ്വപ്‌നങ്ങള്‍... വഴിയിലെപ്പോഴോ നഷ്ടമായതും...ഭൂമിയില്‍ ഏറ്റുപറയാനാരുമില്ലാതെ, പകരം വെയ്ക്കാനാരുമില്ലാതെ, നിനക്ക് ശേഷം എന്റെ ലോകം ചെറുതായിപ്പോയതും...
നിന്റെ മനസ്സിലെവിടെയോ ബാക്കി വെയ്ച്ച്പോയ, നന്മയുടെ, സ്നേഹത്തിന്‍റെ, വിശുദ്ധിയുടെ ഒരു നിറദീപം... നിന്‍റെ ഓര്‍മ്മകളോടൊപ്പം ഹൃദയത്തില്‍ അണയാതെ നില്‍ക്കുന്നത്, ദുസ്സഹമായ ഏകാന്തതയുടെ മറുവാക്കുകളില്ലാത്ത എന്‍റെ രാത്രി യാത്രകളില്‍ എനിക്ക് കൂട്ടാവുന്നതും...
പ്രിയപ്പെട്ട കൂട്ടുകാരീ...
    മഴ പെയ്യുന്ന ഈ സന്ധ്യയില്‍ ജാലകപ്പടിയിലൂടെ ഇറ്റുവീഴുന്ന മഴതുള്ളികളോടൊപ്പം, നിന്‍റെ ഓര്‍മ്മകള്‍ എന്നില്‍ നിറയ്ക്കുന്ന മിഴിതുള്ളികളും.....
    നിനക്ക് സമര്‍പ്പിക്കുന്നു... എന്‍റെ ജന്മ തര്‍പ്പണങ്ങളായി....