Monday, January 30, 2012

പ്രിയപ്പെട്ട കൂട്ടുകാരീ...

ആയുസിന്റെ ഈ കണക്കുപുസ്തകവും ഞാന്‍ നിനക്ക് സമര്‍പ്പിക്കുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ശ്രാവണ മാസത്തില്‍ നമ്മളാദ്യമായി കണ്ടതും, പരിചയപ്പെട്ടതും, കൂട്ടുകൂടിയതും, പിന്നെ......  മഴവില്ല് മാഞ്ഞുപോകുന്നത് പോലെ പൊള്ളിക്കുന്ന ഓര്‍മ്മകളിലെ ഉള്ളുവേവുന്ന ഒരു മധ്യാഹ്നത്തില്‍, ഒടുവിലത്തെ ഒരു നിറകണ്‍ചിരിയുമായി ഈ ഭൂമിയില്‍ അവസാനമായി പരസ്പരം നമ്മള്‍ യാത്ര പറഞ്ഞതും...
    നിനക്ക് തന്ന വക്കുകളോരോന്നായി എനിക്ക് തെറ്റിപ്പോയതും, നീ കണ്ടു തീര്‍ക്കാതെ എനിക്കായി വെയ്ച്ച സ്വപ്‌നങ്ങള്‍... വഴിയിലെപ്പോഴോ നഷ്ടമായതും...ഭൂമിയില്‍ ഏറ്റുപറയാനാരുമില്ലാതെ, പകരം വെയ്ക്കാനാരുമില്ലാതെ, നിനക്ക് ശേഷം എന്റെ ലോകം ചെറുതായിപ്പോയതും...
നിന്റെ മനസ്സിലെവിടെയോ ബാക്കി വെയ്ച്ച്പോയ, നന്മയുടെ, സ്നേഹത്തിന്‍റെ, വിശുദ്ധിയുടെ ഒരു നിറദീപം... നിന്‍റെ ഓര്‍മ്മകളോടൊപ്പം ഹൃദയത്തില്‍ അണയാതെ നില്‍ക്കുന്നത്, ദുസ്സഹമായ ഏകാന്തതയുടെ മറുവാക്കുകളില്ലാത്ത എന്‍റെ രാത്രി യാത്രകളില്‍ എനിക്ക് കൂട്ടാവുന്നതും...
പ്രിയപ്പെട്ട കൂട്ടുകാരീ...
    മഴ പെയ്യുന്ന ഈ സന്ധ്യയില്‍ ജാലകപ്പടിയിലൂടെ ഇറ്റുവീഴുന്ന മഴതുള്ളികളോടൊപ്പം, നിന്‍റെ ഓര്‍മ്മകള്‍ എന്നില്‍ നിറയ്ക്കുന്ന മിഴിതുള്ളികളും.....
    നിനക്ക് സമര്‍പ്പിക്കുന്നു... എന്‍റെ ജന്മ തര്‍പ്പണങ്ങളായി....  
     

Wednesday, January 18, 2012

പ്രാണന്റെ കടപ്പാട്


നിന്റെ പ്രാർത്ഥനകളായിരുന്നുവോ...
അതോ, മനസ്സിലിനിയും കെട്ടുപോയിട്ടില്ലാത്ത ഏതോ ചില നൻമകളുടെ ജീവനാളങ്ങൾ എന്നെ കാത്തുവച്ചതോ... ഇതുവരെയും ദുരന്തങ്ങള്‍ വഴിമാറിപ്പോയിരുന്നു...                                   
 പക്ഷെ, ഇന്നലത്തെ വൈകുന്നേരം നീ എന്നില്‍ നിന്നും തിരിച്ചു ചോദിച്ചത് നിന്റെ ഹൃദയം മാത്രമായിരുന്നില്ല....
ഇത് വരെയും എന്നെ ജീവിപ്പിച്ചിരുന്ന പ്രാണന്റെ കാവല്‍നക്ഷത്രവുമായിരുന്നു,.       
  ആയുസിന്റെ മരുയാത്രകളില്‍ ഒപ്പം നീയില്ലെങ്കില്‍, ഏതു ചെറിയ പോക്കുവെയിലിലും ഞാന്‍ വാടിപ്പോകുമെന്നു നിനക്ക് മുന്നേ അറിയാവുന്നതല്ലേ.?. നിഴലു പോലെ കൂടെയുള്ള ദുര്‍വിധിയുടെ തീമഴകളില്‍ എനിക്ക് പിടിച്ചു നില്ക്കാന്‍, നിന്റെ മന്ദഹാസത്തിന്റെ തേന്മഴ ഇതുവരെ കൂട്ടിനുണ്ടായിരുന്നു.
ഇപ്പോൾ .....
'എന്നെ പൊതിഞ്ഞു നിന്നിരുന്ന നിരവൃതികളുടെ ഒരു പട്ടുകമ്പളം മെല്ലെ മെല്ലെ എന്നില്‍ നിന്ന് മാഞ്ഞുപോകുന്നതും, ദുരന്തങ്ങളില്‍ താങ്ങായിരുന്ന, സ്നേഹത്തിന്റെ ആശ്വാസത്തിന്റെ ഒരു മേഘശലഭം എന്റെ ആകാശത്തില്‍ നിന്നും പതിയെ പറന്നകലുന്നതും.... ഏകാന്തതയുടെ ആയിരം ഗ്രീഷ്മകിരണങ്ങൾ എന്നെ ഒന്നോടെ വിഴുങ്ങുന്നതും.. ഒന്ന് കാണുവാനാകാതെ, ഒരു വാക്ക് പറയുവാനാകാതെ...നിന്റെ കയ്യിലൊന്നു മുറുകെ പിടിക്കുവാനാകാതെ....വിസ്മ്രിതിയുടെ തമോഗര്ത്തങ്ങളിലേക്ക് താഴ്ന്നു പോകുന്നത് ഞാന്‍ അറിയുന്നു’...

അപ്പോഴും കടപ്പാടുകളിലേറ്റവും വലുത് എന്റെ നേര്‍ക്ക്‌ നീണ്ട നിന്റെ വിരല്‍തുമ്പുകളോടുള്ളതായിരുന്നു.....

Sunday, January 15, 2012

ഇനിയും പിറക്കാത്ത തിരക്കഥ..


                             "മലയാള സിനിമയ്ക്ക്  കുറച്ച് നല്ല തിരക്കഥകള്‍  വേണം ." . ഈ ഒരൊറ്റ ഡയലോഗിന്റെ ബലത്തില്‍, ഞാനും എന്‍റെ  കൂട്ടുകാരന്‍സ് അരുണും സനലും കൂടി   മലയാള സിനിമയെ  രക്ഷിക്കാന്‍ കച്ച കെട്ടിയിറങ്ങി. .ഫൈനല്‍ ഇയര്‍ ഡിഗ്രി എക്സാം കഴിഞ്ഞുവായിനോട്ടത്തിന്റെ അനന്ത സാധ്യതകളെക്കുറിച്ച് ഗവേഷണം ചെയ്യുന്ന കാലം. ഒരു ദിവസം  പഴയ കാല തല്ലുകൊള്ളിതരങ്ങള്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ് ആ മോഹമുദിച്ചത്കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ഏക്സ്ട്ര  ഏക്സ്ട്ര. അങ്ങനെ മൂന്നു കഥാകൃത്തുക്കളും തിരക്കഥ മോഹവുമായി കഥയെഴുതാന്‍ ചാടിപ്പുറപ്പെട്ടു.

മൂന്നുപേര് എഴുതുമ്പോള്‍ മൂന്നു കഥയാവില്ലേ, അരുണിനൊരു സംശയം.മൂന്നു കഥയില്‍നിന്നു ഇഷ്ടപ്പെടുന്ന കഥ  എടുത്തു തിരക്കഥ ഉണ്ടാക്കാം (പിന്നെ കുറെ ഉണ്ടാക്ക്കും) സനലിന്റെ അഭിപ്രായത്തോട് യോചിച്ചു.ഒരു മാസം കഴിഞ്ഞു ഇതേ കോളേജിന്റെ മരച്ചുവട്ടില്‍, കഥയുമായി വീണ്ടും കാണാമെന്നു പറഞ്ഞു പിരിഞ്ഞു.


പത്മരാജനും, എം.ടി യും, രഞ്ജിത്തും,അങ്ങനെ അങ്ങനെ നല്ലവരായ-തിരക്കഥാകൃത്തുക്കൾ,മനസിന്റെ വെള്ളിത്തിരയില്‍ ഓടിക്കളിച്ചു.നമ്മള്‍ കഥയെഴുതുന്നു, സിനിമയാവുന്നു,അത് ഹിറ്റാകുന്നു.ഹോ ഹോ, ഓര്‍ത്തിട്ടു തന്നെ കുളിര് കോരുന്നു.(ആഹാ, എന്ത് മനോഹരമായ നടക്കാത്തസ്വപ്നം).


ഇപ്പോഴത്തെ സ്റ്റൈല്‍ വച്ച്  കുറെ ഇംഗ്ലീഷ് പടങ്ങള്‍ കണ്ടിട്  അതില്‍ നിന്ന് കോപ്പി അടിച്ചാലോ  എന്നാലോചിച്ചു. എന്നാല്‍ അത് എന്റെ സ്ടാടസ്സിനു പറ്റാത്തത്  ആയതു കൊണ്ട്   ബാലരമ,ബാലഭൂമി,പൂമ്പാറ്റ,ബാലമംഗളം ഇവയ്ക്കുനടുവില്‍ ഞാന്‍ചിന്താമഗ്നനായി. കഥയെഴുത്തോട് എഴുത്ത്. അരുണും സനലും ഇതേ സ്ഥിതിയായിരിക്കും.

അങ്ങനെ ഒരു മാസം (ഫൈനല്‍ടെസ്ടിനേഷന്‍) കഴിഞ്ഞു. രാവിലെ മൂന്നു പേരും, സോറി മൂന്നു കഥാകൃത്തുക്കള്‍ കഥയുമായി അവതരിച്ചു.അടുത്തത് കഥ കേള്‍ക്കല്‍ മഹാമഹം.സനലിന്റെ  കഥയുടെ  സംഗതി മനസിലാണ് ഉള്ളത്,അല്ലാതെ എഴുതീട്ടില്ല.  എന്തായാലും അവന്‍, ഒരു കാമ്പസ് ആക്ഷന്‍ സ്റ്റോറി ഹോളിവുഡ് സ്റ്റൈലില്‍പറഞ്ഞു നിര്‍ത്തി. സംഗതി കൊളളാം.(പക്ഷെ ഞാന്‍ എഴുതിയത്ര വരില്ല).അങ്ങനെ അരുണിന്റെ ഊഴമായി, ഭാഗ്യത്തിന് അവന്‍ ഒരു പേജില്‍ എഴുതിയിട്ടുണ്ട്. അവന്‍ ഒരു റൊമാന്റിക്‌ ലവ് സ്റ്റോറി പറഞ്ഞു. അതും കൊളളാം.(പക്ഷെ ട്വിസ്റ്റ്‌ ഞാന്‍ എഴുതിയത്രഇല്ല.). 

നിങ്ങള്‍ടെ കഥയൊക്കെ തീര്ന്നല്ലേ, അഹങ്കാര ഭാവത്തോടെ,ഞാന്‍ ഒരു കെട്ട് പേപ്പര്‍ എടുത്തു കൊടുത്തു.കണ്ടാടാ ഇതാണ് കഥ, വായിച്ചു പഠിക്ക്.മുഖത്ത് അഹംഭാവം കുറച്ചൂടെ വരുത്തി രണ്ടു പേരെയും നോക്കി.


അരുണ്‍ അത് വായിക്കാന്‍ തുടങ്ങി. നായികയുടെ പേര് "അജിത".അയ്യേ അജിതയോ,എന്തുവാടാ ഈ എഴുതി വെച്ചിരിക്കുന്നെ. രണ്ടുപേരും മുഖത്തോട് മുഖം നോക്കി ചിരിയോടു ചിരി.(ഏതെങ്കിലും"അജിത"മാര്‍ ഇത് വായിക്കുന്നെങ്കില്‍ ക്ഷമിക്കുക). അങ്ങനെ കഥയുടെ ആദ്യം കുളമായീന്നു മനസിലായി.  സ്വാഭാവികമായുംഎന്റെ മുഖത്തുണ്ടായിരുന്ന അഹങ്കാരം മുങ്ങി ചമ്മല്‍ എന്‍ട്രി ചെയ്തു.ഓരോ വാക്കും വാചകവും വായിച്ചു അവര് ചിരിയോടു ചിരി. (ഈശ്വരാ പണി പാളി ഞാന്‍ മനസ്സില്‍ വിചാരിച്ചു). അങ്ങനെപൊട്ടിച്ചിരികൾക്കും കളിയാക്കലുകൾക്കുമൊടുവിൽ കഥ തീര്‍ന്നു (എന്റെയും).

എന്തോ വലിയ അപരാധം ചെയ്തവനെ പോലെ ഞാനിരുന്നു.(ഈ കഥ ഇത്രേം കോമടി ആയിരിക്കുമെന്ന് ഞാന്‍ കരുതിയില്ല ).ഇതുവരെ ഒരു സിനിമേലും വരാത്ത ഡിഫറന്റ്റ് സ്ടോറിയാണ് സനല്‍ ചിരി മതിയാക്കി പറഞ്ഞു.അപ്പോൾ കഥ കൊള്ളാമല്ലേ.?. ഞാന്‍ ഒന്നൂടെ ഞെളിഞ്ഞിരുന്നു,അങ്ങനെ ഞാന്‍ കഥാകൃത്തായി..(തിരക്കഥ,സിനിമ.....പഴെ സ്വപ്നം റീലോഡഡ്, രോമാന്ജംസ് എക്സട്ര എക്സട്ര.... ). കഥയൊക്കെ കൊള്ളാം പക്ഷെ,നീ ഒരു കഥ കൊണ്ട് ഈ പരിപാടി നിര്‍ത്തുന്നതാണ് നല്ലത്.അവര് വീണ്ടും പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.മേലാല്‍ ഈ സൈസ് പരിപാടിയും കൊണ്ട് ഈ ഏരിയയില്‍ കണ്ടു പോകരുതെന്ന്,  നിന്നെ പ്രേക്ഷകര്‍ കൈ വെക്കുന്നത് കാണാന്‍ വയ്യെന്ന്. (എന്ത് നല്ല കൂട്ടുകാര്‍, ഇതാണളിയാ സ്നേഹം).


ഞാന്‍ ചിരിക്കണോ കരയണോ?...അന്നത്തോടെ ഞാന്‍ ഒരു കാര്യം ഉറപ്പിച്ചു, ഇതെനിക്ക് പറ്റിയ പണിയല്ല (മലയാള സിനിമക്ക് ഭാഗ്യം ഇല്ലെന്നെ.എന്റെ കഥ സിനിമിയാക്കാന്‍, പുവര്‍ ഫിലിം ഇന്ടസ്ട്രി )

അങ്ങനെ തിരക്കഥ മോഹങ്ങള്‍ കുഴിച്ചുമൂടി, ഖബറില്‍ ഒരു പിടി പച്ചമണ്ണ് വാരിയിട്ടു ഞങ്ങള്‍ യാത്ര തുടരുന്നു... ("സോ പ്രേക്ഷകരെ നിങ്ങള്ക്ക് സന്തോഷിക്കാം.").. തിരക്കതാ കി സിന്ദഘി ജോ ഖബീ നഹീ..... ഖതം ഹോ ജാതീ ഹേ...... 

ഇനിയും പിറക്കാത്ത തിരക്കഥകളേ....


Tuesday, January 10, 2012

എനിക്കറിയാവുന്നത് നിന്നെ മാത്രം




            ഞാൻ‍ നിന്റെ പേരെഴുതിയിരുന്നത് എന്റെ ഹൃദയത്തിൽതന്നെയായിരുന്നു...
അല്ലായിരുന്നെങ്കിൽ...'നമുക്കിടയിലെ, ചെറുതെങ്കിലും... എനിക്ക് യുഗങ്ങളായി തോന്നിയ, അസഹ്യമായ ആ ഇടവേളയ്ക്കൊടുവിൽ‍... വഴിക്കണ്ണുമായി നിന്നെയും കാത്തിരുന്ന, നിന്നെ മാത്രം ഓർത്തിരുന്ന എന്നെ... നിസ്സാരമായി അവഗണിച്ച്, ഒരു വാക്ക് പോലും മിണ്ടാതെ, തിരിഞ്ഞു പോലും നോക്കാതെ നീ നടന്നു പോയപ്പോൾ '.... 
     ഒരു നിമിഷമെങ്കിലും എനിക്ക് നിന്നോട് പിണക്കം തോന്നിയേനെ....നിന്റെ ഒരു മന്ദഹാസം,നിന്റെ ഒരു വാക്ക്, നിന്റെ ഒരു നോക്ക്.........
ഇതൊക്കെ എനിക്കെന്താണെന്ന് ,എന്നെക്കാൾ അറിയാമായിരുന്നിട്ടും...     അതെല്ലാം നീയെനിക്ക് നിഷേധിച്ചില്ലേ...  
   എന്നിട്ടും ഞാന്‍ പിണങ്ങിയില്ല.... ഞാൻ നിന്റെ രൂപം കൊത്തി വച്ചിരുന്നത്, എന്റെആത്മാവിലായിരുന്നു. അത് കൊണ്ടായിരിക്കണം, ‘നീയില്ലാതിരുന്ന...
ഏകാന്തതയുടെ, നിസ്സഹായതയുടെ,നിസ്സംഗതയുടെ ദിനരാത്രങ്ങളിലോ ....  അല്ലെങ്കിൽ അതിനെക്കാൾ എന്നെ നൊമ്പരപ്പെടുത്തിയ നിന്റെ മൌനത്തിലോ... ഒരിക്കൽ‍പ്പോലും, നിന്നോടെനിക്ക് നീരസം തോന്നാതിരുന്നത്...’ 
   പക്ഷേ പ്രിയപ്പെട്ടവളേ... നീയെന്നെ ഒഴിച്ചു നിർത്തിയിട്ടുള്ളപ്പോഴൊക്കെ...ഞാനോര്‍മ്മിച്ചത്, അല്ലാത്തപ്പോഴൊക്കെ നീയെനിക്ക് പകര്‍ന്നു തന്നിട്ടുള്ള സ്നേഹത്തിന്റെ, നിർവൃതികളുടെ...നൂറു നൂറു ധന്യ നിമിഷങ്ങളെക്കുറിച്ചാണ്...  
            ..എനിക്കറിയാവുന്നത് നിന്നെ മാത്രമല്ലേ ഭൂമിയിൽ...

Thursday, January 5, 2012

പ്രിയമുള്ളോരാളുടെ ഡയറിക്കുറിപ്പ്...



ദിനരാത്രങ്ങളുടെ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ, ഏകാന്തതയുടെ അസഹനീയങ്ങളായ മരുയാത്രകൾക്ക് ശേഷം, മഴവില്ല് മണ്ണിൽ മുട്ടിയ ഒരു വൈകുന്നേരം, ഞങ്ങൾ വീണ്ടും കണ്ടുമുട്ടി.മഞ്ഞിന്റെ അവ്യക്തതയിലൂടെ ഞങ്ങൾ നടക്കുകയായിരുന്നു, കൈക കോർത്ത്...

അവൾ എന്നെ കുന്നിന്ചെരുവിലേക്ക്കൊണ്ട് പോയി. അനന്തരം, ചെമ്മരിയാടിന്റെ രോമങ്ങൾ കൊണ്ട് തുന്നിയ അവളുടെ മേലുടുപ്പ് അഴിച്ചെടുക്കുകയും,വർഷകാല രാവുകളുടെ മടങ്ങി വരവും കാത്തു, കരിഞ്ഞു പോയ പുഴയുടെ കരയിൽ അത് വിരിക്കുകയും,..ഞങ്ങൾ അതിന്മേല്ചെര്ന്നിരിക്കുകയും ചെയ്തു.

അപ്പോഴും ഞങ്ങളുടെ വിരലുകൾ പരസ്പരം കോർത്തിരുന്നു.

പിന്നീട്... സ്നേഹം മിടിക്കുന്ന അവളുടെ ഇടതു നെഞ്ചിലേക്ക്, ഞാനെന്റെ ചെവി ചേര്ത്ത് വച്ചു.അവളുടെ ഹൃദയം, പ്രണയത്താൽ ത്രസിക്കുന്നത് ഞാൻവ്യക്തമായും കേൾക്കുകയായിരുന്നു.

നിശാഗന്ധിയുടെ മണമുള്ള അവളുടെ മുടിയിൽ, പിന്നെ ഞാൻ മുഖം ഒളിച്ചു വച്ചു.ആ സുഗന്ധവും, അവളുടെ പിൻ കഴുത്തിന്റെ സ്നിഗ്ദ്ധതയും എന്നെ ഉന്മത്തനാക്കുകയും...

ഒരു നിമിഷം...

എന്റെ ചുംബനങ്ങളിൽ, അവളുടെ നിശ്വാസത്തിനു ചൂടേറുകയും ചെയ്തു.

'കാഴ്ച' എന്നത് പുറംമോടികളുടെ ഏകകമായതിനാൽ,ഞങ്ങൾ കണ്ണുകളടച്ചു പരസ്പരം കാണുകയായിരുന്നു. ആകാശത്തിന് താഴെ, അവളുടെ പേരിലുള്ള സകല അവകാശതർക്കങ്ങളും...ഞങ്ങൾ അപ്പോൾവിസ്മരിച്ചു.

അവളുടെ നിർമ്മലമായ വെള്ളിച്ചിറകിൽ, ഞങ്ങളിരുവരുംഎഴാകാശങ്ങൾക്കപ്പുറത്തേക്ക്, പറന്നുയരുകയും...പിന്നീട് പരസ്പരം വിട്ടുപോകാതെ രാവുമുഴുവനും,അവിടെ പറന്നു നടക്കുകയുമായിരുന്നു.

എല്ലാം എനിക്കൊരു സ്വപ്നം പോലെയായിരുന്നു...

അപ്പോഴും...ഇന്നും...

സ്വപ്നം ഓരോ ജീവകോശത്തിലുമേററുവാങ്ങി...പിന്നെപ്പോഴോ ഞാൻ കണ്ണുതുറന്നപ്പോൾ...

അവളെന്റെ നെഞ്ചിൽ തല ചായ്ച്ച്,

എല്ലാം മറന്നുറങ്ങുകയായിരുന്നു...

"ഞാനെന്തു നൽകാൻ... പകരം,

എന്റെ ജീവിതത്തിൽ‍.?..."







(പ്രിയമുള്ളോരാളുടെ ഡയറിക്കുറിപ്പിൽ നിന്നും കടമെടുത്തത്, വീട്ടുവാനാകുമോ എന്നറിയാത്തോരു കടം...) ‍

Monday, January 2, 2012

പൊട്ടാനിരുന്ന ലഡ്ഡു





         "ഈശ്വരാ ഇന്നെങ്കിലും അവളുടെ കാര്യത്തില്‍ ഒരു തീരുമാനം  ഉണ്ടാകണേ.."  രാവിലെ കട്ടിലിനു ചുവട്ടില്‍ നിന്നാണ് എഴുന്നേൽററതെങ്കിലും, നിഹാല് പതിവ് പ്രാ‍ർത്ഥന മുടക്കിയില്ല. ഈ നിഹാല് ആരാണെന്ന് ചോദിച്ചാല്‍, അത് വഴിയെ മനസിലായിക്കൊല്ലും. മുജ്ജന്മ സുകൃതം കൊണ്ട്, ഫൈനല്‍ ഡിസി മാത് മാററിക്സിന്‍ പഠിക്കുന്നു.( പഠിക്കാനെന്നും പറഞ്ഞു പോകുന്നു.). അവന്‍  എങ്ങനെ  ഇവിടെ വരെയെത്തി, എന്നത് അധ്യാപകർക്കുൾപ്പെടെ സംശയമാണ്. എന്നാലും, വരാനുള്ളത് KSRTC പിടിച്ചായാലും വരുമെന്ന് ചില അധ്യാപകര്‍ പറഞ്ഞതായി അപവാദം നിലനില്കുന്നു. അതവിടെ നിക്കട്ടെ,
എന്തായാലും അവനു  ഒരാളോട് മുടിഞ്ഞ പ്രേമം(ആരോടും പറയണ്ടാ,രഹസ്യമാ). അതിന്റെ രോഗ ലക്ഷണമാണ് ആദ്യം കണ്ടത്. ആത്മാര്‍ഥത കൂടിപ്പോയിട്ടാണോ  എന്നറിയില്ല, കഥാനായിക ഫസ്റ്റ് ഡി സി, ബയോകെമിസ്ട്രിയിലെ ബെന്സീറയ്ക്ക്  ലോകത്ത് ഇഷ്ടമല്ലാത്ത ഏക വ്യക്തി ലവന്‍  നമ്മുടെ കഥാനായകന്‍  മാത്രമാണ്. (രസതന്ത്രവും കണക്കുകൂട്ടലും തമ്മിലുള്ള ചെറിയ തെററിദ്ധാരണയാവാനാണ് സാധ്യത ).
കുളിച്ചു സുന്ദരനായി (അല്ലേലും സുന്ദരനാണെന്നാണ് അവന്‍  പറയുന്നത്) ഏറെ കഷ്ടപ്പെട്ട്, അവള്‍ കയറിയ ബസ്സില്‍ തന്നെ കയറിപ്പറ്റി.  രാവിലത്തെ പ്രാര്‍ത്ഥനയ്ക്ക് പഞ്ച് ഇല്ലാത്തതു കൊണ്ടാണെന്ന് തോന്നുന്നു. ബസ്സില്‍ വെച്ച് അവളെ ഒന്ന് കാണാന്‍ പോലും കഴിഞ്ഞില്ല. അത്രയ്ക്ക് തിരക്കായിരുന്നു.  "വിഷമിക്കണ്ട മുത്തേ കോളേജില്‍ വച്ച് കാണാം"  (ലവന്റെ ആത്മരോഷം അല്ല ആത്മഗതം).
ബസ്സിലെ മല്‍പിടുത്തം കഴിഞ്ഞു നേരെ ചെന്ന് ചാടിയത്, പഴയ കാമുകിയുടെ മുന്നില്‍.  അത് പറഞ്ഞില്ലല്ല്ലേ, നിഹാലിനു  ബെന്‍സീറ എന്ന രോഗമുണ്ടാവുന്നതിനു മുൻ‍പ്, മറ്റൊരു മാറാരോഗമുണ്ടാരുന്നു (സോറി ഒന്നല്ല, അഞ്ചോ ആറോ. കറക്റ്റ് എണ്ണം അവനുപോലും  ഓര്‍മയില്ല). ഇപ്പോള്‍ രണ്ടാം വര്ഷം മലയാളത്തില്‍ പഠിക്കുന്ന സുറുമി. 
അവൾ‍ക്ക് ഒടുക്കത്തെ  ജാടയായത്  കൊണ്ട്  അവനു ഇപ്പോള്‍ ഇഷ്ടമല്ല എന്നാണ് അവന്‍ പറയുന്നത്. . (അവളുടെ ജാടയല്ല അവളുടെ ആങ്ങളമാരുടെ ജാടയാണ് കാരണം, എന്നൊക്കെ ചിലര്‍ പറഞ്ഞു നടക്കുന്നു.അസൂയ അല്ലാതെന്താ.).സുറുമിയെ കണ്ട സ്സ്ഥിതിക്ക് ഒരു ചിരി കൊടുത്തേക്കാമെന്ന് ലവന്‍  വിചാരിച്ചു . അവളുടെ മുഖത്ത് ഒരു പുച്ഛം കിടന്നു കളിക്കുന്ന്നുണ്ടോ.ചുമ്മാ തോന്നിയതാവൂന്നെ.എന്തായാലും പുച്ഛം വെര്‍സെസ് ചമ്മലില്‍ നിഹലും സുറുമീം ചിരി കൈമാറി.
സുറുമിയെ ഒരുവഴിക്കാക്കി, നിഹാല്‍   തിരിഞ്ഞു  നോക്കിയപ്പോള്‍, മുററത്തു മൈന ഇല്ല. അതെ ബെന്സീറമിസ്സിംഗ്‌.      കൊളേജിലേക്കുള്ള കല്പടവുകളിലും ഇല്ല, ഈശ്വരാ ഒന്ന് കോട്ടുവായിട്ട സമയം കൊണ്ട്  കൊച്ചിതെവിടെപ്പോയി.  ഇടവഴിയിലൂടെ പോയ്‌ കാണും. ഗൊച്ചു കളളീ,ഞാനിതാ വരുന്നു. എന്നും പറഞ്ഞു കൊണ്ട് അവന്റെ  കാലുകൾക്ക് വേഗം കൂടി വിത്ത്‌ റൊമാന്റിക്‌ ബാക്ക്ഗ്രൌണ്ട് മ്യൂസിക്‌. പെട്ടെന്ന്, മുന്നിലെ കാഴ്ചകണ്ടു അവനു  നെഞ്ചിലൂടെ ഒരു ടിപ്പര്‍ കയറിയ ഫീലിംഗ്. , റൊമാന്റിക്‌ മ്യൂസിക്‌ പെട്ടെന്ന് സാഡ് സോങ്ങ് ആയി. 
നിഹലിന്റെ   മാത്രം (എന്ന് അവന്‍ മാത്രം  വിചാരിച്ചിരുന്ന) പ്രണയിനി ഏതോ ഒരു പയ്യനോട് സംസാരിക്കുന്നു,ചിരിക്കുന്നു. എന്തൊക്കെയോ എഴുതിയതും കൊടുക്കുന്നു." ആരും തുറക്കാത്ത പൂമുഖ വാതിലില്‍ അന്യനെപ്പോലെ ഞാന്‍ നിന്നു "കാതുകളില് റീമിക്സായി  അലയടിച്ചു . ഈശ്വരോ...രാവിലെ സബ്മിട്ടു ചെയ്ത പ്രാര്‍ഥനയില്‍ അവളുടെ കാര്യത്തില്‍ ഒരു തീരുമാനം  ഉണ്ടാകണം  എന്ന് അണ്ടെര്‍ലയിൻ‍ ചെയ്തു പറഞ്ഞിട്ടുണ്ടായിരുന്നു. എന്നിട്ട് എന്റെ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കി അല്ലെ.   ഈശ്വരാ യു ടൂ...
എന്തായാലും മുന്നോട്ടു വച്ചകാല്‍ മുന്നോട്ട്. മനസ്സില്‍ പൊട്ടാനിരുന്ന ലഡ്ഡുനു അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അവന്‍  അവരുടെ അടുത്തേക്ക് നടന്നു.അവളെ  ദയനീയമായി ഒന്ന് നോക്കി,എന്നിട്ട് വില്ലന്റെ അടുത്തേക്ക്. നിന്നെയിതിനു മുന്പ്  പഞ്ചായത്തില്‍ കണ്ടിട്ടില്ലല്ലോ, എന്നാ ഭാവത്തില്‍ രൂക്ഷമായിത്തന്നെ അവന്റെ മുഖത്തേക്ക് നോക്കി.
       "ചേട്ടാ നമ്മുടെ കമ്പ്യൂടര്‍ സെന്റെറിന്റെ പുതിയ ഓഫേരു,  കൂപ്പണ്  പൂരിപ്പിച്ചു തന്നാല്‍ നറുക്കിട്ടെടുക്കുന്നവര്ക്  ഫ്രീയായിട്ടു കമ്പ്യൂട്ടര്‍ പഠിക്കാം. " അവൻ ഒരു കൂപ്പണ് എനിക്ക് നീട്ടിക്കൊണ്ടു പറഞ്ഞു.
മോനെ മനസ്സില്‍ ലഡ്ഡു പിന്നേം പൊട്ടി. അപ്പൊ നീ വില്ലനല്ലാരുന്നു അല്ലേ.
"മോനെ ത്രിപ്തിയായെഡാ, .. നിനക്ക് ഞാന്‍ എത്ര കൂപ്പണ് വേണമെങ്കിലും പൂരിപിച്ചു തരാം,ഒരു മിനിറ്റു ഞാന്‍  കുട്ടീടെ പേന വാങ്ങട്ടെ." തിരിഞ്ഞു നിന്ന്
"ആ പെന്‍ ഒന്ന് തരുമോ"..
പിന്നേം പണി പാളി. അവിടെ കുട്ടിയുടെ  പൊടി പോലും ഇല്ലാരുന്നു.
"അവര് പോയിചേട്ടാ പേന ഞാന്‍ തരാം."അവന്‍ ചിരിച്ചോണ്ട് പറഞ്ഞു.
"നിന്റെ കൂപ്പണും പേനയും....മോനേന്നു വിളിച്ച നാവു കൊണ്ട്, വേറൊന്നും വിളിപ്പിക്കാതെ പോടാ... #$%%^^&&.., "
ഇത്രയും അവനോടു പറഞ്ഞിട്ട്  നിഹാല്‍ അവന്റെ ബെന്സീരയെ തിരഞ്ഞു,  അവളപ്പോഴേക്കും കോളേജിലെക്ക്  പോയിരുന്നു.
അവന്‍ അന്നും നിരാശനായി  നടന്നു . ഹാ... എന്നെങ്കിലും  എന്റെ മനസ്സിലും ലഡ്ഡു പൊട്ടും..

(വില്ലൻ‍ നായകനെ പഞ്ഞിക്കിടാത്തത് കൊണ്ട് നായികേ, നായകന്‍റെ ശല്യം ഇനിയും പ്രതീക്ഷിക്കാം...)